കണ്ണൂരിൽ തുടങ്ങുമെന്ന് പറഞ്ഞ ഓൺലൈൻ ടാക്സി കമ്പനി വൻ തട്ടിപ്പ് നടത്താൻ ലക്ഷ്യമിട്ട് തട്ടിക്കൂട്ടിയത്… പലരിൽ നിന്നായി ഒരു കോടിയിലേറെ തട്ടിയെടുത്ത തട്ടിപ്പുകാരുടെ പദ്ധതി പോലീസ് പൊളിച്ചു

കേരളത്തിലെ ആദ്യത്തെ ടു ജി ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസായ കാര്‍വണ്‍ കമ്പനി എന്ന ആമുഖത്തോടെ ലോഞ്ചിംഗിന്റെ പത്രസമ്മേളനം നടത്തിയ തട്ടിപ്പ് സംഘത്തെ പോലീസ് മുളയിലേ നുള്ളി. കാർ വണ്‍ എന്നപേരില്‍ വലിയ ആശയം മുന്നോട്ടുവച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തുറന്ന കമ്പനിയുടെ ഓഫീസ് ലക്ഷ്യമിട്ടത് വന്‍ തട്ടിപ്പ്.

പത്ര സമ്മേളനത്തിന് പിന്നാലെയാണ് ഇവർ നേരത്തെ നടത്തിയ തട്ടിപ്പ് പുറത്തായത്. ഇതേതുടര്‍ന്നാണ് മുളയിലേതന്നെ തട്ടിപ്പുകമ്പനി പോലീസ് നുള്ളിയത്. ദേവണ്‍ എന്ന വ്യാജ കമ്പനിയുടെ പേരില്‍ ഇരുന്നൂറിലേറെ പേരില്‍ നിന്നായി ഒരുകോടിയിലേറെ രൂപ തട്ടിപ്പുനടത്തിയ സംഘം തന്നെയാണ് കാര്‍ വണ്‍ എന്ന പേരില്‍ പുതിയ സംരംഭവുമായി കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയത്. ഇതിനു പിന്നാലെയാണ് നേരത്തെ തട്ടിപ്പിനിരയായവര്‍ മണത്തറിഞ്ഞ് പരാതി നല്‍കിയത്. എളയാവൂരില്‍ വാടക വീട്ടില്‍ താമസിച്ചുവരുന്ന സൂരജിന്റെ നേതൃത്വത്തിലാണ് വന്‍ തട്ടിപ്പിന് കളമൊരുക്കം നടത്തിയത്. ചിറക്കലില്‍ തനിക്ക് വീടുണ്ടെന്ന് ഇയാള്‍ ഇടപാടുകാരോട് പറഞ്ഞിരുന്നു. പഴങ്ങളും പച്ചക്കറികളും വീടുകളില്‍ എത്തിക്കുന്ന വന്‍ പദ്ധതി മുന്നോട്ടുവച്ച് ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞാണ് ഇരുന്നൂറിലേറെ പേരില്‍ നിന്ന് സൂരജും സംഘവും നേരത്തെ ദേ വണിന്റെ പേരില്‍ അഞ്ചുലക്ഷം രൂപയും രണ്ടുലക്ഷം രൂപയും വാങ്ങിയത്. തലശ്ശേരിയിലെ രഞ്ജിത് ബാലിഗ, ഇരിക്കൂറിലെ രതീഷ്, കണ്ണോത്തും ചാലിലെ സഹീര്‍ എന്നിവര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റബ്കോ ഹൗസിന്റെ അഞ്ചാംനിലയിലെ കാര്‍വണിന്റെ ഓഫീസ് ടൗണ്‍ എസ്.ഐ ശ്രീജിത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തി ലാപ്ടോപ്പും രേഖകളും എഗ്രിമെന്റുമടക്കമുള്ളവ പിടിച്ചെടുത്തു.

ദേവണ്‍ എന്ന പേരില്‍ നേരത്തെ പണം വാങ്ങിയെങ്കിലും അങ്ങനെയൊരു കമ്പനി തന്നെ വ്യാജമായിരുന്നു. തങ്ങള്‍ വഞ്ചിതരായെന്ന് മനസ്സിലായതോടെയാണ് പണം കൊടുത്തവര്‍ പോലീസിനെ സമീപിച്ചത്. എന്നാല്‍ നേരത്തെ ദേവണ്‍ വിതരണ കമ്പനിയുടെ പേരില്‍ നടത്തിയ തട്ടിപ്പ് പുറത്തുവന്നതോടെ മറ്റൊരു വന്‍ തട്ടിപ്പാണ് തുടക്കത്തില്‍ തന്നെ പോലീസ് പൊളിച്ചത്. സൂരജിനെതിരെ കേസെടുത്ത് ഇയാള്‍ക്കായി തെരച്ചില്‍ തുടങ്ങി. പത്രസമ്മേളനം നടത്തിയ കമ്പനിയുടെ സി.ഇ.ഒ വിസ്മയയുടെ പേരിലും കമ്പനിയുടെ ഡയറക്ടര്‍മാരായി രംഗത്തുവന്ന കെ പ്രസാദ്, പി കെ സന്തോഷ്, അര്‍ജുന്‍ കെ.കുമാര്‍ എന്നിവരെയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് പോലീസ് പറഞ്ഞു. കമ്പനിയുടെ തലവനായ സൂരജ് തനിക്ക് ചിറക്കലില്‍ വീടുണ്ടെന്ന് പറഞ്ഞെങ്കിലും ചിറക്കലില്‍ ഇങ്ങനെയൊരു വീടില്ലെന്ന് വ്യക്തമായിട്ടുണ്ട്. പത്രസമ്മേളനത്തില്‍ സി.ഇ.ഒ വിസ്മയ മാത്രമാണ് പുതിയ സംരംഭമായ കാര്‍ വണിനെക്കുറിച്ച് വിശദീകരിച്ചത്. യുവതിയെ മുന്‍നിര്‍ത്തിയാല്‍ ആരും സംശയിക്കില്ലെന്ന കണക്കുകൂട്ടലിലാണ് സൂരജും സംഘവും യുവതിയെ കരുവാക്കി മാധ്യമങ്ങളില്‍ വന്‍ പ്രചാരണം നടത്താന്‍ വാര്‍ത്താസമ്മേളനം നടത്തിയത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: