ദുരിതബാധിതര്‍ക്കുള്ള ആദ്യ സഹായമായി 10000 രൂപ; മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ

കേരളത്തിലെ വെള്ളപ്പൊക്ക ബാധിതര്‍ക്ക് ആദ്യസഹായമായി സംസ്ഥാന സര്‍ക്കാര്‍ 10000 രൂപ പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ നല്‍കും. സഹായം ലഭിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയ ശേഷമായിരിക്കും തുക വിതരണം ചെയ്യുക. വീട് നഷ്ടമായവര്‍ക്ക് നാല് ലക്ഷം രൂപ നല്‍കും. വീടുകള്‍ വാസയോഗ്യമല്ലാതായവര്‍ക്കാണ് ഇത് ലഭിക്കുക. വീടും സ്ഥലവും നഷ്ടമായവര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കും. വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും ഇതിനുള്ള പട്ടിക തയ്യാറാക്കും. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ ഒമ്ബത് മണി വരെ 95 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.ഇത്തവണ ഉരുള്‍പൊട്ടലാണ് നാശനഷ്ടങ്ങള്‍ക്ക് മുഖ്യകാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 64ഓളം ഉരുള്‍പൊട്ടലുണ്ടായി. ഇതാണ് കൂടുതല്‍ മരണങ്ങള്‍ക്ക് വഴിവച്ചത്. പ്രളയത്തിന്റെ തീവ്രതയും ദുരിതത്തിന്റെ കാഠിന്യവും കണക്കിലെടുത്ത് അര്‍ഹമായ പഞ്ചായത്തുകളെ കാലവര്‍ഷ കെടുതി ബാധിച്ച പ്രദേശങ്ങളായി പ്രഖ്യാപിക്കും. ദുരന്ത നിവാരണ ചട്ടങ്ങളനുസരിച്ച്‌ വിജ്ഞാപനം പ്രകടിപ്പിക്കും. 6,92,966 കുടുംബങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം സഹായം നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തവണ 1118 ക്യാമ്ബുകളിലായി 1,89,576പേര്‍ താമസിക്കുന്നുണ്ട്. കുറെ ക്യാമ്ബുകള്‍ ഇതിനകം പ്രവര്‍ത്തനം അവസാനിപ്പിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇ പി ജയരാജന്‍, ഇ ചന്ദ്രശേഖരന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: