എസ്എസ്എല്‍സി; 99.85 ശതമാനവുമായി കണ്ണൂര്‍ ജില്ല ഒന്നാമത്

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 99.85 ശതമാനം വിജയവുമായി കണ്ണൂര്‍ ജില്ല സംസ്ഥാനത്ത് ഒന്നാമതെത്തി. കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി ആകെ 34533 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 34481 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. ജില്ലയില്‍ 4140 ആണ്‍കുട്ടികളും 7676 പെണ്‍കുട്ടികളും ഉള്‍പ്പെടെ 11816 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ നിന്ന് 2589 പേരും (ആണ്‍കുട്ടികള്‍- 874, പെണ്‍കുട്ടികള്‍- 1715), തലശ്ശേരിയില്‍ നിന്ന് 4746 പേരും (ആണ്‍കുട്ടികള്‍- 1691, പെണ്‍കുട്ടികള്‍- 3055), തളിപ്പറമ്പില്‍ നിന്ന് 4481 പേരുമാണ് (ആണ്‍കുട്ടികള്‍- 1575, പെണ്‍കുട്ടികള്‍- 2906) ഈ നേട്ടം കൈവരിച്ചത്.
കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 7767 (99.91%) പേരും തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 13938 (99.81%) പേരും തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 12776 (99.85%) പേരും ഉപരി പഠനത്തിന് യോഗ്യത നേടി.

എസ്എസ്എല്‍സി പരീക്ഷാ ഫലം

ഇത് ജനകീയ കൂട്ടായ്മയുടെ വിജയം : പി പി ദിവ്യ

വിജയശതമാനത്തില്‍ കണ്ണൂര്‍ ജില്ല ഒന്നാമത്

ഓണ്‍ലൈന്‍ പഠനത്തിന്റെ പ്രതിസന്ധികള്‍ക്കിടയിലും എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയ്ക്കുണ്ടായ നേട്ടം ജനകീയ കൂട്ടായ്മയുടെ വിജയമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. അധ്യാപകരും ജനപ്രതിനിധികളും ഡയറ്റും രക്ഷിതാക്കളും വിദ്യാര്‍ഥികളും ഒറ്റക്കെട്ടായാണ് എസ്എസ്എല്‍സി പരീക്ഷയെ നേരിട്ടത്. വലിയൊരു കൂട്ടായ്മയുടെ ശ്രമഫലമായാണ് ജില്ല ഇത്തരമൊരും വിജയം നേടിയതെന്നും പി പി ദിവ്യ പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരിലാണ്. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് ജില്ലയിലാണ്. 35074 പേരാണ് 209 സ്‌കൂളിലായി എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വലിയ ഒരുക്കങ്ങളായിരുന്നു പരീക്ഷയ്ക്ക് വേണ്ടി നടപ്പിലാക്കിയത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതി ഇ ക്ലാസ് ചലഞ്ച് പദ്ധതി നടപ്പിലാക്കി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ഫോണുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ആദ്യഘട്ടത്തില്‍ വിതരണം ചെയ്തിരുന്നു. പരീക്ഷാ കാലത്തിന് മുന്നോടിയായാണ് പുതിയ ഭരണസമിതി അധികാരമേറ്റത്. കുട്ടികളിലെ പരീക്ഷ പേടി അകറ്റാനും ആവശ്യമായ കൗണ്‍സിലിംഗ് ഒരുക്കുന്നതിനുമായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ ‘ആശങ്ക വേണ്ട അരികിലുണ്ട്’  പദ്ധതിയും വലിയ പ്രതികരണമാണുണ്ടാക്കിയത്. ജനപങ്കാളിത്തത്തോടെ നടപ്പിലാക്കിയ പദ്ധതിയും ജില്ല നേടിയെടുത്ത വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. ജനപ്രതിനിധികളും അധ്യാപകരും ഉള്‍പ്പെടുന്ന സംഘം എസ്എസ്എല്‍സി വിദ്യാര്‍ഥികളുടെ വീടുകളില്‍ നേരിട്ട് ചെന്ന് അവരുടെ പ്രശ്‌നങ്ങളും പഠനപുരോഗതിയും വിലയിരുത്തി. ഇത് തങ്ങളോടൊപ്പം സമൂഹം തന്നെ കൂടെയുണ്ടെന്ന തോന്നല്‍ വിദ്യാര്‍ഥികളിലുണ്ടാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡയറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സ്‌റ്റെപ്പ് പദ്ധതി ആവിഷ്‌കരിച്ച് ചോദ്യബാങ്ക് തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ എല്ലാ കുട്ടികള്‍ക്കും എത്തിച്ചു നല്‍കി. ഈ പ്രവര്‍ത്തനങ്ങളൊക്കെ ജില്ലയ്ക്ക മികച്ച ഫലം നേടുന്നതിന് സഹായകമായെന്നും ഇതിന് നേതൃത്വം നല്‍കിയവരെ അഭിനന്ദിക്കുന്നുവെന്നും പി പി ദിവ്യ പറഞ്ഞു.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി മനോജ് കുമാറിന് മധുരം നല്‍കിയാണ് എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയുടെ നേട്ടം ആഘോഷിച്ചത്. യാതനാപൂര്‍ണ്ണമായ കൊവിഡ് കാലത്തിന് കണ്ണൂര്‍ നല്‍കിയ സമ്മാനമാണീ വിജയമെന്നും ജനപ്രതിനിധികള്‍, അധ്യാപകര്‍, പിടിഎ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിനൊപ്പം കുട്ടികളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിസ്പുരണമാണെന്നും ഡിഡിഇ സി മനോജ് കുമാര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, സെക്രട്ടറി വി ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: