വ്യാജവാര്‍ത്തകള്‍ക്കെതിരെ പടവെട്ടാന്‍ കണ്ണൂര്‍ കളക്ടര്‍; കുട്ടികളെ ബോധവാന്മാരാക്കാന് ‘സത്യമേവ ജയതേ’
വ്യാജവാര്‍ത്തകള്‍ മനുഷ്യ ജീവന് കവരുമ്പോള്‍ കുട്ടികള്‍ക്ക് ബോധവത്കരണം നല്കി മാതൃകയാവുകയാണ് കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി.നിരുപദ്രവകാരികളെന്നു തോന്നുന്ന ഫോര്‍വേര്‍ഡ് മെസേജുകള്‍ 20 പേരുടെ ജീവനെടുത്ത സാഹചര്യത്തിലാണ് സത്യമേവ ജയതേ എന്ന പേരില്‍ സ്കൂള്‍ കുട്ടികള്‍ക്കായി ബോധവത്കരണ ക്ലാസുകള്‍ ആരംഭിക്കാന്‍ കളക്ടര്‍ തീരുമാനിച്ചത്. എട്ടാം ക്ലാസ് മുതല്‍ 12 ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയിലൂടെ കുട്ടികള്‍ക്ക് വ്യാജവാര്‍ത്ത തിരിച്ചറിയാനുള്ള പരിശീലനമാണ് നല്‍കുന്നത്.മീസല്‍സ്-റൂബെല്ല വാക്സിനേഷന് എതിരെ നടന്ന വ്യാജ പ്രചരണങ്ങളാണ് അദ്ദേഹത്തെ സത്യമേവ ജയതേയിലേയ്ക്ക് നയിച്ചത്. വ്യാജ വാര്‍ത്തയില്‍ വിശ്വസിച്ച കുട്ടികള്‍ റൂബെല്ല വാക്സിന് എടുക്കുവാന്‍ സമ്മതിക്കാതെവന്നു. ഇതോടെ വ്യാജ പ്രചരണങ്ങള്‍ മൂലം ഒമ്പത് മാസത്തിനും 15 വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്സിന് നല്‍കാനുള്ള ശ്രമങ്ങള്‍ പാതിവഴിയില്‍ തടസപ്പെടുകയും ചെയ്തു. കുഞ്ഞു കുട്ടികളുടെ ജീവിതമാണ് ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകളാല്‍ അപകടപ്പെടുന്നത് മിര്‍മുഹമ്മദ് പറഞ്ഞു. മാത്രമല്ല നിപ്പ വൈറസ് ഭീതിയില്‍ കോഴിക്കോടും കേരളവും പേടിച്ചുകഴിയുമ്പോള് പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് എല്ലാ വഴികളും തേടുമ്പോഴും വ്യാജ വാര്‍ത്തകള്‍ എല്ലാത്തിനെയും തകിടം മറിക്കുകയായിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വില്ലനായ വ്യാജന്മാരെ നിയന്ത്രിക്കാന്‍ ആര്‍ക്കും കഴിഞ്ഞതുമില്ല. ഇതൊക്കെ അവസാനിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് കളക്ടര്‍ക്ക് മുന്നിലുള്ളത്.