ഇന്ന് മലയോര ഹർത്താൽ

ഇരിട്ടി: സംരക്ഷിത വനമേഖലകൾക്ക് ചുറ്റും ഒരുകിലോമീറ്റർ ദൂരം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിക്കെതിരേ സർവകക്ഷി കർമസമിതി ആഹ്വാനം ചെയ്ത ഹർത്താൽ ചൊവ്വാഴ്ച നടക്കും. രാവിലെ ആറുമുതൽ നാലുവരെയാണ് ഹർത്താൽ. അഞ്ചിന് ഇരിട്ടി ടൗണിൽ കർഷകജനത അണിനിരക്കുന്ന പ്രതിഷേധറാലി നടക്കും. ഹർത്താലിൽ ആവശ്യസർവീസുകൾ (പാൽ, പത്രം, ആശുപത്രി) അല്ലാതെ മറ്റെല്ലാ മേഖലകളും സഹകരിക്കണമെന്ന് ആറളം-കൊട്ടിയൂർ-ബ്രഹ്മഗിരി വന്യജീവി സങ്കേതം ബഫർസോൺ വിരുദ്ധ സർവകക്ഷി കർമസമിതി ചെയർമാൻ സണ്ണി ജോസഫ് എം.എൽ.എ., വൈസ് ചെയർമാൻമാരായ ബിനോയി കുര്യൻ, മോൺ ആന്റണി മുതുകുന്നേൽ, ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി എന്നിവർ അഭ്യർഥിച്ചു.

ആറളം, അയ്യൻകുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലാണ് ഹർത്താൽ.

റാലിക്ക് മലയോരത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് ആളുകളെത്തും. നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ സംഘാടകസമിതി ക്രമീകരണം ഏർപ്പെടുത്തി. റാലിക്കായി എടൂർ, കുന്നോത്ത് മേഖലകളിൽനിന്ന് എത്തുന്നവർ ഇരിട്ടി പാലത്തിന് സമീപം (പായം പഞ്ചായത്തിൽ) ഇറങ്ങണം. ഇവരെ കൊണ്ടുവരുന്ന വാഹനങ്ങൾ കൂട്ടുപുഴ റോഡിൽ പാർക്ക് ചെയ്യണം. ഉളിക്കൽ വഴി വരുന്ന വാഹനങ്ങൾ പാലത്തിന് സമീപം കുരിശടിയിൽ ആളെ ഇറക്കിയശേഷം ഇരിട്ടി സെയ്ൻറ് ജോസഫ് പള്ളിമുറ്റത്ത് പാർക്ക് ചെയ്യണം. പേരാവൂർ മേഖലയിൽനിന്ന് എത്തുന്ന വാഹനങ്ങൾ ഇരിട്ടി പാലത്തിന് ഇപ്പുറം ആളെ ഇറക്കിയശേഷം തിരിച്ചുപോയി പേരാവൂർ റോഡിൽ പാർക്ക് ചെയ്യണം.

ഇരിട്ടി പാലത്തിന് സമീപത്തുനിന്ന് അഞ്ചിന് തുടങ്ങുന്ന റാലി നഗരം ചുറ്റി ഇരിട്ടി നഗരസഭാ ഓപ്പൺ ഓഡിറ്റോറിയത്തിൽ സമാപിക്കും. പ്രതിഷേധ പൊതുസമ്മേളനം തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും. പി. സന്തോഷ്‌കുമാർ എം.പി., ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, വിവിധ കക്ഷി പ്രതിനിധികൾ എന്നിവർ പ്രസംഗിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: