പയ്യാവൂരിൽ പോലീസുകാരനെ ആക്രമിച്ച ഏഴുപേർക്കെതിരേ കേസ്

ശ്രീകണ്ഠപുരം: വീട്ടിൽ കയറി സംഘർഷമുണ്ടാക്കിയത് തടയാനെത്തിയ പോലീസുകാരനെ ആക്രമിച്ചെന്ന പരാതിയിൽ ഏഴുപേർക്കെതിരേ കേസെടുത്തു. പയ്യാവൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സൂരജ് ജോസിനെ (43) ആണ് ആക്രമിച്ചത്. മൂക്കിന് പരിക്കേറ്റ സൂരജ് പയ്യാവൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച രാത്രി പത്ത് മണിയോടെ പയ്യാവൂർ വാതിൽമടയിലാണ് സംഭവം. വാതിൽമടയിലെ സുരേഷ് എന്നയാളുടെ വീട്ടിൽ ഒരുസംഘം ഭീഷണിമുഴക്കുകയും അക്രമം നടത്തുകയും ചെയ്തിരുന്നു. വിവരം ലഭിച്ചതോടെ സൂരജ് ജോസിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. ഇതോടെ വാതിൽമടയിലെ സുഗതന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘം പോലീസുകാരെ അക്രമിച്ചുവെന്നാണ് കേസ്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതികൾ ഒളിവിലാണ്.