മണ്ണ് മാഫിയ സംഘത്തിൻ്റെ അക്രമം ; യുവാവിൻ്റെ കൈ തല്ലി ഒടിച്ചു. അഞ്ച് പേർക്കെതിരെ വധശ്രമത്തിന് കേസ്

ചെറുപുഴ: മണ്ണ് മാഫിയ സംഘം ഏറ്റുമുട്ടി ലോറിയുമായി പോകുകയായിരുന്ന യുവാവിനെ വധിക്കാൻ ശ്രമം അഞ്ച് പേർക്കെതിരെ നരഹത്യക്ക് കേസ്. കുന്നിടിച്ച് മണ്ണ് കടത്തുന്നത് ഒരു വിഭാഗം അധികൃതർക്ക് ഒറ്റുകൊടുത്തു വെന്നാരോപിച്ച് രണ്ടു യുവാക്കളെ ആക്രമിച്ചു. സാരമായി പരിക്കേറ്റ പാടിയോട്ടുച്ചാൽ പൊന്നം വയൽ സ്വദേശി ടിപ്പർ ലോറി ഡ്രൈവർ ടി.വി. സുധീഷ് ബാബു (31) വിനെ പയ്യന്നൂർ സഹകരണ ആശുപത്രിയിലും സുഹൃത്ത് എം സനലിനെ (32) ചെറുപുഴയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരം 4.30 മണിയോടെ വയക്കര പെട്രോൾ പമ്പിന് സമീപത്തായിരുന്നു സംഭവം.ലോറിയിൽ ലോഡുമായി പോകുകയായിരുന്ന ഇരുവരെയും ജീപ്പിലെത്തിയ അഞ്ചംഗസംഘം കമ്പി പാരയും മറ്റുമായി ആക്രമിക്കുകയായിരുന്നു. അക്രമികൾ സുധീഷ് ബാബുവിൻ്റെ ഇടത് കൈ തല്ലിയൊടിച്ചു. മണ്ണ് കടത്തുമായി ബന്ധപ്പെട്ട്
ഇരു വിഭാഗവും തമ്മിൽ നേരത്തെ ഇതേ ചൊല്ലി തർക്കം ഉടലെടുത്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. മണ്ണ് മാഫിയക്കെതിരെ
യുവജന സംഘടനകൾ രംഗത്തെത്തിയതോടെകഴിഞ്ഞ ദിവസം വില്ലേജ് അധികൃതർ നടപടിക്കിറങ്ങിയപ്പോൾ ഒറ്റുകൊടുത്തതാണെന്ന് ആരോപിച്ചാണ് മണൽ മാഫിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സനലിൻ്റെ പരാതിയിലാണ് അഞ്ചംഗ സംഘത്തിനെതിരെ വധശ്രമത്തിന് ചെറുപുഴ പോലീസ് കേസെടുത്തത്.