കെ.എസ്.ടി.പി റോഡിലെ വാഹനാപകടം; ഗുരുതരമായി പരിക്കേറ്റ രണ്ടു പേർ കൂടി മരണപ്പെട്ടു.

കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡില്‍ ചിത്താരി ചാമുണ്ഡി കുന്നിൽ വ്യാഴാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടു പേർ കൂടി മരണപ്പെട്ടു. അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
കൂട്ടക്കനി തോട്ടത്തില്‍ ചോയി എന്ന ബാലകൃഷ്ണന്-പുഷ്പ ദമ്പതികളുടെ മകന് സുധീഷ്(28), മുക്കൂട് കാരക്കുന്നിലെ കെ.ഇ.ഷാഫി- റുഖിയ ദമ്പതികളുടെ മകനും മുന്‍ പ്രവാസിയുമായ കെ.ഇ.സാബിര്‍(28) എന്നിവരാണ് മരണപ്പെട്ടത്. സാബിര്‍ ഇന്നലെ രാത്രി പതിനൊന്നരമണിയോടെയും സുധീഷ് ഇന്ന് പുലര്‍ച്ചെയുമാണ് മരണപ്പെട്ടത്. ഇരുവരും അവിവാഹിതരാണ്. ഷിബുലാല്‍(ഗള്‍ഫ്), അഭിഷേക്(വിദ്യാര്‍ത്ഥി) എന്നിവരാണ് സുധീഷിന്റെ സഹോദരങ്ങള്‍. സര്‍ഫാന, സഫീറ, ജംഷീദ് എന്നിവര്‍ സാബിറിന്റെ സഹോദരങ്ങളാണ്.
അപകടത്തില്‍ മുക്കൂട് കൂട്ടക്കനി കാടാമ്പള്ളിയിലെ മൊയ്തുവിന്റെ മകന് സാദത്ത്(32) വ്യാഴാഴ്ച രാത്രിതന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ കൂട്ടക്കനിയിലെ നാരായാണന്റെ മകന് പ്രസാദ്(34) ഇപ്പോഴും ഗുരുതരാവസ്ഥയില്‍ മംഗലാപുരത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ
കഴിയുകയാണ്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാടുഭാഗത്തുനിന്നും മുക്കൂട് ഭാഗത്തേക്ക് വരികയായിരുന്ന സാദത്തും സുഹൃത്തുക്കളും സഞ്ചരിച്ച കെ.എല്‍ 60 എല്‍ 6677 നമ്പര്‍ ആള്‍ട്ടോ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടുമതിലിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ കാര്വെട്ടിപൊളിച്ച് ഏറെ പണിപ്പെട്ടാണ് അകത്തുകുടുങ്ങിയവരെ പുറത്തെടുത്ത് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. നാലുപേരുടെയും നില അതീവഗുരുതരമായതിനാല്‍ പ്രഥമശുശ്രൂഷ നല്കി മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. യാത്രാമധ്യേ സാദത്ത് മരണപ്പെട്ടിരുന്നു..