വിദ്യാർഥി സംഘട്ടനത്തെതുടർന്ന് തലശ്ശേരി എൻജിനിയറിങ് കോളേജ് അടച്ചു

തലശ്ശേരി : വിദ്യാർഥി സംഘട്ടനത്തെതുടർന്ന് കുണ്ടൂർമലയിലുള്ള തലശ്ശേരി എൻജിനിയറിങ് കോളേജ് താത്കാലികമായി അടച്ചു. അക്രമസംഭവത്തിലുൾപ്പെട്ട 12 വിദ്യാർഥികൾക്കെതിരേ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. ശനിയാഴ്ച കോളേജ് അധികൃതർ യോഗം ചേർന്ന് തുറക്കുന്നകാര്യം തീരുമാനിക്കും.

ഒന്നാംവർഷ ക്ലാസുകൾ ഇനി ചൊവ്വാഴ്ച തുടങ്ങാനാണ് തീരുമാനം. നാലാംവർഷ വിദ്യാർഥികളുടെ ക്ലാസ് ഓൺലൈൻ മാത്രമാക്കും. നാലാംവർഷ വിദ്യാർഥികൾക്ക് ജൂൺ നാലുവരെയാണ് ക്ലാസ്. കോളേജ് ഓഫീസിന്റെ ഗ്ലാസ് തകർത്ത സംഭവത്തിൽ നിയമനടപടി സ്വീകരിക്കും. ഓഫീസ് ഗ്ലാസ്, പൂച്ചട്ടികൾ എന്നിവ അക്രമത്തിൽ തകർന്നു.
സിവിൽ എൻജിനിയറിങ് രണ്ടാംവർഷ വിദ്യാർഥികളും നാലാംവർഷ വിദ്യാർഥികളും തമ്മിലുള്ള പ്രശ്‌നമാണ് സംഘട്ടനത്തിൽ കലാശിച്ചത്. പരിക്കേറ്റ 12 വിദ്യാർഥികൾ ജനറൽ ആസ്പത്രി, സഹകരണ ആസ്പത്രി, ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി എന്നിവിടങ്ങളിൽ ചികിത്സതേടി.

വ്യാഴാഴ്ച വൈകിട്ടാണ് അക്രമം നടന്നത്. കലാപരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ തമ്മിലുള്ള പ്രശ്‌നമാണ് അക്രമത്തിനിടയാക്കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: