കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് നാളെ തിരിതെളിയും

കേളകം: കൊട്ടിയൂരിൽ വൈശാഖ
മഹോത്സവത്തിന് ഞായറാഴ്ച തിരിതെളിയും.
വൈശാഖോത്സവത്തിന്റെ ഭാഗമായുള്ള
മുതിരേരി വാൾ വരവും നെയ്യാട്ടവും നാളെ
നടക്കും. വയനാട്ടിലെ മുതിരേരി കാവിൽ
നിന്നുള്ള പരാശക്തിയുടെ വാൾ എഴുന്നള്ളത്ത്
ഞായറാഴ്ച സന്ധ്യയോടെ ഇക്കരെ
ക്ഷേത്രത്തിൽ എത്തും.

നെയ്യാട്ടം അർധരാത്രിയോടെ അക്കരെ
കൊട്ടിയൂരിലാണ് നടക്കുക. മണിത്തറയിലെ
സ്വയംഭൂവിൽ അഭിഷേകം ചെയ്യാനുള്ള നെയ്യ്
എഴുന്നള്ളത്തിന് ചൊക്ലിക്കടുത്ത
നെടുംപുറത്തെ വില്ലിപ്പാലൻ വലിയ കുറുപ്പും
കുറ്റ്യാട്ടൂരിലെ തമ്മേങ്ങാടൻ വലിയ
നമ്പ്യാരുമാണ് നേതൃത്വം നൽകുന്നത്.

നെയ്യമൃത് സംഘം ബാവലിക്കെട്ടിൽ കർമങ്ങൾ
നടത്തി കുളിച്ച് അക്കരേക്ക് നീങ്ങും. കുറ്റ്യാടി
ജാതിയൂർ ക്ഷേത്രത്തിൽനിന്ന് തേടൻവാര്യർ
എത്തിച്ച തീയും ജാതിയൂർ മഠം ക്ഷേത്രത്തിൽ
നിന്നുള്ള നെയ്യും പാകപ്പെടുത്തി തൃത്തറയിൽ
വെക്കും. വില്ലിപ്പാലൻ കുറുപ്പിന്റെ നെയ്യമൃത്
ആദ്യവും തമ്മേങ്ങാടൻ നമ്പ്യാരുടെ നെയ്യമൃത്
രണ്ടാമതും തൃക്കടാരി ഏറ്റുവാങ്ങി
അഭിഷേകത്തിനായി ഉഷകാമ്പം നമ്പൂതിരിയെ
ഏൽപിക്കും.
നെയ്യഭിഷേകം പുലർച്ചവരെ തുടരും. തിങ്കളാഴ്ച
രാത്രി നടക്കുന്ന ഭണ്ഡാരം എഴുന്നള്ളത്ത്
അക്കരെ ക്ഷേത്രത്തിൽ എത്തിയതിനുശേഷം
മാത്രമേ സ്ത്രീകൾക്ക് അക്കരെ
പ്രവേശിക്കാനാവൂ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: