ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി ഐ പി വാർഡ് തുറന്നു

ഇരിട്ടി: നീണ്ട 18 വർഷത്തിന് ശേഷം ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ ഗൈനക്കോളജി ഐ പി വാർഡ് തുറന്നു. ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽ ഉൾപ്പെടുത്തി 3.19 കോടി രൂപ ചിലവിൽ നിർമ്മിച്ച മാതൃ – ശിശു സംരക്ഷണ ബ്ലോക്കിലാണ് വാർഡ് പ്രവർത്തന ക്ഷമമാക്കിയിരിക്കുന്നത് . സ്ത്രീകൾക്കും ഗർഭിണികൾക്കും പ്രസവത്തിനും പ്രസവാനന്തര ചികിത്സകൾക്കുമായി തുറന്നു നൽകിയ വാർഡിൽ 50 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ലഭ്യമാണ്.
രണ്ട് മാസം മുമ്പ് ഗൈനക്കോളജി ഒ.പി പ്രവർത്തനം തുടങ്ങിയിരുന്നു. എന്നാൽ ഓപ്പറേഷൻ തിയ്യേറ്ററിൽ ചില ഉപകരണങ്ങൾ കൂടി സജ്ജമാക്കാനുള്ളതിനാൽ ഇപ്പോൾ കിടത്തി ചികിത്സ മാത്രമെ ഉണ്ടായിരിക്കു. വിദേശത്തുനിന്നും ഒരു ഉപകരണം എത്തിച്ചേരാനുണ്ട്. ഈ മാസം ഇരുപതോടെ തന്നെ അത് എത്തിച്ചേരും. ഒരു മാസത്തിനുള്ളിൽ ഇതുമുഴുവൻ സജ്ജമാക്കുന്നതോടെ പ്രസവം ഉൾപ്പെടെ എടുക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി. രവീന്ദ്രൻ പറഞ്ഞു. നഗരസഭയും ആസ്പത്രി വികസന സമിതിയും നടത്തിയ ഇടപെടലിന്റെ ഭാഗമായി ഇപ്പോൾ രണ്ട് ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെ 10 ഓളം ജീവനക്കാരേയും നിയമിച്ചിരുന്നു. ഒരു വർഷം മുമ്പ് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയായിരുന്നു മാതൃ – ശിശു ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത്. വൈകിയാണെങ്കിലും ഒ പി യും ഐ പിയും ആരംഭിക്കാർ കഴിഞ്ഞത് ആറളം ആദിവാസി പുനരധിവാസ മേഖല ഉൾപ്പെടുന്ന മലയോരത്തെ ആദിവാസികൾ ഉൾപ്പെടെയുള്ള പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ഏറെ ആശ്വാസമാണ്.
നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലതയാണ് വാർഡ് ഉദ്ഘാടനം ഉദ്‌ഘാടനം ചെയ്തു. വൈസ്.ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ആസ്പത്രി സൂപ്രണ്ട് ഡോ. പി.പി. രവീന്ദ്രൻ പദ്ധതി വിശദീകരിച്ചു. നഗരസഭാ ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി അധ്യക്ഷ കെ. സോയ, അംഗങ്ങളായ കെ. നന്ദനൻ, വി.പി അബ്ദുൾ റഷീദ്, പി.പി. ജയലക്ഷ്മി, പി.രഘു, പി. ഫൈസൽ ,എ.കെ ഷൈജു, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. കാദർ, അജയൻ പായം, അയൂബ് പൊയിലൻ, ഡോ. ജ്യോതി , രാജീവൻ, പി ആർ ഒ മിനിമോൾ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: