പച്ചക്കറിയുടെ മറവിൽ കടത്തിയ 18 പെട്ടി മദ്യം എക്സൈസ് സംഘം പിടികൂടി – ഒരാൾ അറസ്റ്റിൽ

 

 

ഇരിട്ടി : പച്ചക്കറിയുടെ മറവിൽ മിനി ലോറിയിൽ കർണ്ണാടകയിൽ നിന്നും കടത്തുകയായിരുന്ന 18 കെയിസ് മദ്യം കൂട്ടുപുഴ എക്സൈസ് സംഘം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് നാദാപുരം കല്ലാച്ചി സ്വദേശി സി. സി. രതീഷ് (39) നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മദ്യം കടത്താൻ ഉപയോഗിച്ച മിനിലോറിയും കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴിച്ച രാവിലെ ഒൻപതു മണിയോടെയാണ് കർണാടകത്തിൽ നിന്നും മാക്കൂട്ടം ചുരം വഴി പച്ചക്കറി യുമായി എത്തിയ മിനി ലോറി കിളിയന്തറയിലുള്ള കൂട്ടുപുഴ എക്സൈസ് സംഘം പരിശോധന നടത്തിയത്. പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു മദ്യം. 18 കാർഡ്ബോർഡ് പെട്ടികളിലായി 1296 പാക്കറ്റ് മദ്യമാണ് കണ്ടെടുത്തത് .
ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളുടെ ഭാഗമായി കേരളത്തിൽ മദ്യശാലകൾ അടഞ്ഞു കിടക്കുന്നതിന്റെ പശ്ചാത്തലത്തിൽ കർണ്ണാടകത്തിൽ നിന്നും കടത്തിക്കൊണ്ടുവരുന്ന മദ്യം വലിയ വിലക്കാണ് ഇവിടങ്ങളിൽ വിറ്റഴിക്കുന്നത്. എത്ര വിലകൊടുത്തും ഇത് വാങ്ങാൻ ആളുണ്ടെന്നതും ഇത്തരക്കാരെ ഏതു വിധേനയും മദ്യം കടത്തിക്കൊണ്ടുവരുന്നതിന് പ്രേരിപ്പിക്കുന്നു.
അവശ്യവസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ലോക്ക്ഡൗണിൽ ഇളവ് വരുത്തിയതും ഇവർക്ക് ഇത്തരം വാഹനങ്ങളെ കള്ളക്കടത്തിനായി ഉപയോഗിക്കാൻ സഹായകമാകുന്നു. പച്ചക്കറി ഉൾപ്പെടെയുള്ള നിരവധി ചരക്ക് വാഹനങ്ങളാണ് ദിനം പ്രതി കര്ണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചേരുന്നത്.
പിടികൂടിയ മദ്യത്തിന് ഒരു ലക്ഷത്തോളം രൂപ വിലമതിക്കും. 24 മണിക്കൂറും ചെക്ക് പോസ്റ്റിൽ പരിശോധന നടന്നു വരുന്നതായും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും കൂട്ടുപുഴ എക്സൈസ് ഇൻസ്പെക്ടർ കെ .എ. അനീഷ് പറഞ്ഞു. പ്രിവൻ്റീവ് ഓഫീസർമാരായ പി. സി. ഷാജി, കെ .സി. ഷിജു, സി. പി. ഷനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി. വി. ശ്രീകാന്ത്,
എം. കെ. വിവേക്, പി. ജി . അഖിൽ, ഒ. റെനീഷ്, സി. വി. റിജിൻ തുടങ്ങിയവറം പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: