കണ്ണൂര്‍ ഇനി പോരാട്ടച്ചൂടിലേക്ക്: ശ്രീമതിയും സുധാകരനും പര്യടനത്തിരക്കിൽ

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പോരാട്ടച്ചൂടിലേക്ക് കണ്ണൂര്‍. ഇരു മുന്നണികള്‍ക്കും ആവേശമായി പ്രചരണത്തിന്‍റെ തുടക്കത്തില്‍ത്തന്നെ ദേശീയനേതാക്കളുടെ സാന്നിധ്യം. സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ഇന്നലെയും ഇന്നും കണ്ണൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് കോണ്‍ഗ്രസധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കണ്ണൂര്‍ വിമാനത്താവളത്തിലെത്തും. പൊതുപരിപാടി ഇല്ലെങ്കിലും കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ എഐസിസി പ്രസിഡന്‍റ് നേരിട്ടെത്തുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമാകും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരന്‍തന്നെയാണ് സ്ഥാനാര്‍ഥി എന്നറിഞ്ഞതോടെ യുഡിഎഫ് ക്യാന്പ് സജീവമായി. ഡല്‍ഹിയില്‍നിന്ന് ഇന്നലെ രാവിലെ കെ.സുധാകരന്‍ കണ്ണൂരിലെത്തി. നിയുക്ത സ്ഥാനാര്‍ഥിക്ക് ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്കി. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപംനല്‍കാന്‍ യുഡിഎഫ് ജില്ലാ നേതൃയോഗവും ചേര്‍ന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ നേട്ടം മുതലെടുത്ത് സിറ്റിംഗ് എംപി പി.കെ.ശ്രീമതി പ്രചരണരംഗത്ത് സജീവമായി. ചൊവ്വാഴ്ച കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തിയ അവര്‍ ഇന്നലെ തളിപ്പറന്പ് മണ്ഡലത്തിലായിരുന്നു. പ്രമുഖ വ്യക്തികളെ നേരിട്ടുകണ്ടും സ്ഥാപനങ്ങളിലെത്തിയും പിന്തുണ തേടിയാണ് ആദ്യഘട്ട പ്രചാരണം. ഇന്നലെ മട്ടന്നൂരില്‍ വനിതാ പാര്‍ലമെന്‍റിലും ഇരിക്കൂറിലും പേരാവൂരിലും തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പി.കെ.ശ്രീമതി പങ്കെടുത്തു.
പാര്‍ലമെന്‍റ് മണ്ഡലം കണ്‍വന്‍ഷനും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവും പൂര്‍‌ത്തിയാക്കി എല്‍ഡിഎഫ് ആത്മവിശ്വാസത്തിലാണ്. കെ.കെ.രാഗേഷ് സെക്രട്ടറിയും സി.രവീന്ദ്രന്‍ പ്രസിഡന്‍റുമായാണ് കമ്മിറ്റി രൂപീകരിച്ചത്. പ്രചരണരംഗത്ത് സ്ത്രീപങ്കാളിത്തം വര്‍ധിപ്പിക്കുവാന്‍ സ്ത്രീകളുടെ പ്രത്യേക സ്ക്വാഡിന് സിപിഎം രൂപം നല്കിയിട്ടുണ്ട്. വനിതാസ്ക്വാഡുകളുടെ നേതാക്കള്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയായി.
ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ നേതൃത്വത്തില്‍ വനിതാ പാര്‍ലമെന്‍റുകള്‍ നടന്നുവരികയാണ്. ഒട്ടും പിന്നിലല്ലെന്ന് തോന്നിപ്പിക്കുന്നതാണ് യുഡിഎഫിന്‍റെ പ്രവര്‍ത്തനങ്ങള്‍. പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റി രൂപീകരണത്തിന് കാത്തുനില്‍ക്കാതെ പഞ്ചായത്ത്തലത്തിലുള്ള യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ രൂപീകരണം തുടങ്ങി.
ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 1100 കുടുംബ സംഗമങ്ങള്‍ കോണ്‍ഗ്രസ് പൂര്‍ത്തിയാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: