മാതൃകാ പെരുമാറ്റച്ചട്ടം; കലക്ടറേറ്റിലെ  ബോര്‍ഡുകളും ബാനറുകളും നീക്കി  

ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലിക്കേണ്ട മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കലക്ടേററ്റ് വളപ്പിലെ ബാനറുകള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ നീക്കി. എംസിസി കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു വിവിധ സര്‍വീസ് സംഘടനകളുടെ ബോര്‍ഡുകളും മറ്റും നീക്കം ചെയ്തത്. 

പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിനായി ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രത്യേക സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇവര്‍ക്കുള്ള പരിശീലനം കലക്ടറേറ്റില്‍ നടന്നു. 

രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് പൊതു സ്ഥലങ്ങളിലും മറ്റും സ്ഥാപിച്ച ബോര്‍ഡുകളും അവര്‍ തന്നെ സ്വമേധയാ എടുത്തുമാറ്റണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നേരത്തേ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ഇക്കാര്യം ജില്ലാ കലക്ടര്‍ വ്യക്തമാക്കിയിരുന്നു. പെരുമാറ്റച്ചട്ടം പാലിക്കുന്നതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. 

എംസിസി നോഡല്‍ ഓഫീസര്‍ എഡിഎം ഇ മുഹമ്മദ് യൂസുഫ് പരിശീലനത്തിന്  നേതൃത്വം നല്‍കി. പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായുള്ള ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍  വരുംദിനങ്ങളില്‍ ജില്ലയില്‍ സജീവമാകും. 

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: