അഡാർ ലൗ: പൈങ്കിളി പ്രണയ ദുരന്ത കഥ; REVIEW

പൈങ്കിളി പ്രണയ ദുരന്ത കഥ; ഇന്ത്യൻ സിനിമാ ലോകം തന്നെ ശ്രദ്ധിച്ച ഒമർ ലുലു ചിത്രം അഡാർ ലൗവിനെ ഇങ്ങനെ വിശേഷിപ്പിക്കാം. പ്രേക്ഷകരിൽ വലിയ ഹൈപ്പുണ്ടാക്കിയ സിനിമ ഒരു പ്ലസ് ടു സ്‌കൂള്‍ കേന്ദ്രീകരിച്ചുള്ള പൈങ്കിളി പ്രണയകഥയാണ്. സിനിമ ബോറടിപ്പിക്കാതെ കഥ പറയുന്നുണ്ട്. ചുരുങ്ങിയ വാക്കുകളിൽ പറയാവുന്ന ഒരു കഥയെ, വലിച്ചു നീട്ടിയെങ്കിലും ഒരു തവണ കണ്ടിരിക്കാം. പ്ലസ് ടു പ്രായത്തിലുള്ള കുട്ടികളുടെ ചിന്താഗതിയും മറ്റുമാണ് സിനിമയില്‍ പറയുന്നത് . പ്രിയ പ്രകാശ് വാര്യർ, വൈശാഖ് പവനൻ, റോഷൻ അബ്ദുൽ റഹൂഫ്, നൂറിൻ ഷെരീഫ്, റോഷ്ന ആൻ റോയ്, മിഷേൽ ആൻ ഡാനിയൽ, അൽത്താഫ് സലിം, അനീഷ് ജി. മേനോൻ, അരുൺ കെ കുമാർ എന്നിവരാണ് താരങ്ങൾ. സിനിമ ഇറങ്ങും മുൻപ് തന്നെ ഉണ്ടായ വിവാദങ്ങൾക്ക് ചെറിയ രീതിയിൽ സിനിമയിലെ ഡയലോഗുകളിലൂടെ തന്നെ മറുപടി പറയുന്നുണ്ട്. കലാഭവൻ മണിയുടെ പാട്ടുകൾ, പ്രളയക്കെടുതിയിൽ രക്ഷിച്ച മത്സ്യത്തൊഴിലാളികൾ തുടങ്ങി തീയറ്ററിൽ കയ്യടിക്കാനുള്ള വക ഒമർ ഒരുക്കുന്നുണ്ട്. എങ്കിലും ദുർബലമായ കഥയും ലക്ഷ്യമില്ലാത്ത സഞ്ചാരവുമാണ് സിനിമക്ക് ഇടവേള വരെയുള്ളത്. സിനിമയിൽ നല്ല ഇഴയൽ അനുഭവപ്പെടുന്നുണ്ട്. വന്ന സീനുകൾ തന്നെ വീണ്ടും വീണ്ടും വരുന്ന പോലെ ഒരു ഫീലിംഗ്. പ്രിയയെക്കാളും ഗാഥയായി വന്ന നൂറിൻ ഷെരീഫാണ് തിളങ്ങിയത്. ആരാണ് നായിക എന്ന് പറയാൻ പറ്റാത്ത വിധം ഒപ്പത്തിനൊപ്പമുള്ള പ്രകടനം. കേട്ട് പഴകിയ ക്ലീഷേ ഡയലോഗുകളുടെ കൂത്തരങ്ങാണ് അഡാർ ലവ് .

പ്രേക്ഷകനെ ചിരിപ്പിക്കാനുള്ള ശ്രമങ്ങൾ ചിത്രത്തിലുടനീളം കാണാം. ദ്വയാർത്ഥ പ്രയോഗങ്ങൾ ഈ ചിത്രത്തിലും ഉപയോഗിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസൻ – ഷാൻ റഹ്മാൻ കൂട്ടുകെട്ടിൽ പിറന്ന മാണിക്യ മലരായ പൂവി എന്ന ഗാനം മികച്ചു നിന്നെങ്കിലും മറ്റു ഗാനങ്ങൾ നിരാശപ്പെടുത്തി. കഥാ സന്ദര്‍ഭങ്ങളോട് ചേരാതെ ചേർത്ത പാട്ടുകൾ പലതും പാളുന്ന അവസ്ഥയായിരുന്നു. അവസാനം ദുരന്ത ക്ലൈമാക്സ് കൂടി കൊണ്ടുവന്നതോടെ എല്ലാം പൂർത്തിയായി.

റേറ്റിംഗ് 2.5/5 ശരാശരി എന്ന് പറയാം. ഒരു തവണ കണ്ടിരിക്കാം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: