വ്യാജ ആർസി നിർമിച്ചു വാഹനം വിൽപന നടത്തി കബളിപ്പിച്ച കേസിൽ യുവാവിനെ കണ്ണൂർ ടൗൺ പോലീസ് അതി സാഹസികമായി ഊട്ടിയിൽ വെച്ചു അറസ്റ്റ് ചെയ്തു.

കണ്ണൂർ: വ്യാജ ആർസി നിർമിച്ചു വാഹനം വിൽപന നടത്തി കബളിപ്പിച്ച കേസിൽ യുവാവിനെ കണ്ണൂർ ടൗൺ പോലീസ് അതി സാഹസികമായി ഊട്ടിയിൽ വെച്ചു അറസ്റ്റ് ചെയ്തു. തില്ലങ്കേരി കാവുമ്പാടി പുത്തൻപുരയിൽ ഹൗസിൽ കെവി ഫൈസൽ (40) അറസ്റ്റിലായത്. പട്ടാമ്പി സ്വദേശിയുടെ ഉടമസ്‌ഥതയിലുള്ള കെഎൽ – 55 – എഎ – 1513 നമ്പർ ഇന്നോവ കാറാണ് വാടകക്ക് എടുത്തു കബളിപ്പിച്ചത്. ബംഗളൂരുവിൽ വെച്ചു വ്യാജമായി നിർമ്മിച്ച ആർസി അടക്കമാണ് കണ്ണൂർ സ്വദേശിക്ക് നാലര ലക്ഷം രൂപക്ക് വിൽപ്പന നടത്തിയത്. കണ്ണൂർ ആർടിഒ ഓഫിസിൽ വെച്ചു കണ്ണൂർ സ്വദേശിയുടെ പേരിലേക്ക് ആർസി മാറ്റം വരുത്തി. വാഹനം നഷ്ടപ്പെട്ട ഉടമ നടത്തിയ അന്വേഷണത്തിൽ കണ്ണൂർ ആർടിഒ ഓഫിസിൽ വെച്ചു മാറ്റിയതായും അറിഞ്ഞ ഉടമ കണ്ണൂർ ടൗൺ പോലീസിലും കണ്ണൂർ ആർടിഒ ഓഫീസിലും പരാതി നൽകി. തുടർന്ന് ടൗൺ പോലീസ് ആസൂത്രിതമായി നടത്തിയ അന്വേഷണത്തിൽ പ്രതിയെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുശാൽ നഗർ, ബംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിൽ പ്രതിയുണ്ടെന്ന വിവരത്തെ തുടർന്ന് ഇവർ അവിടെ എത്തുമ്പോഴേക്കും പ്രതി ഓരോ തവണയും രക്ഷപ്പെടുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച പ്രതി ഊട്ടിയിലുണ്ടെന്ന് എഎസ്ഐ റഷീദിന് ലഭിച്ച രഹസ്യവിവരത്തെ എസ്‌ഐ സുരേഷ്, എഎസ്ഐ റഷീദ്, എസ്‌സിപിഒ സജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘം ഊട്ടിയിലെത്തി പല സ്ഥലങ്ങളിലുമായി അന്വേഷിച്ചു കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കണ്ണൂരിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: