പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക; കെഎസ്‌ആര്‍ടിസി അനിശ്ചിതകാല പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി മുതൽ

തിരുവനന്തപുരം സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി മുതല്‍. പിരിച്ചുവിട്ട മുഴുവന്‍ തൊഴിലാളികളേയും തിരിച്ചെടുക്കുക, ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

പണിമുടക്കിന് മുന്നോടിയായി വിവിധ യൂണിറ്റുകളില്‍ സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കും. അനിശ്ചിതകാല പണിമുടക്ക് പൂര്‍ണ വിജയമാക്കണമെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി തൊഴിലാളികളോട് അഭ്യര്‍ഥിച്ചു

എല്ലാ തൊഴില്‍ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഒരു വിഭാഗം തൊഴിലാളികളെ ജോലി ചെയ്യാന്‍ അനുവദിക്കാതെ പുറത്ത് നിര്‍ത്തിയിരിക്കുന്നത്.

പ്രസവാവധി കഴിഞ്ഞും, അപകടത്തെ തുടര്‍ന്ന് ചികില്‍സ കഴിഞ്ഞും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. 2018 മാര്‍ച്ചിനു ശേഷം പ്രമോഷനുകള്‍ അനുവദിക്കുന്നില്ല.

മെക്കാനിക്കല്‍ വിഭാഗത്തിന്റെയും ഓപ്പറേറ്റിംഗ് വിഭാഗത്തിന്റെയും ഡ്യൂട്ടി പരിഷ്‌ക്കാരത്തിലെ അശാസ്ത്രീയത പരിഹരിക്കുന്നതിന് ഗതാഗത സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. ക്ഷാമബത്ത കുടിശ്ശിക അനുവദിച്ചതിനാല്‍ മാത്രം പണിമുടക്ക് മാറ്റാനാവില്ല. പണിമുടക്ക് വിജയമാക്കാന്‍ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സി കെ ഹരികൃഷ്ണന്‍ (കെഎസ്‌ആര്‍ടിഇഎ–സിഐടിയു), ആര്‍ ശശിധരന്‍ (ഐഎന്‍ടിയുസി), എം ജി രാഹുല്‍ (എഐടിയുസി), ആര്‍ അയ്യപ്പന്‍ (ഡ്രൈവേഴ്‌സ് യൂണിയന്‍) എന്നിവര്‍ അഭ്യര്‍ഥിച്ചു.

ചര്‍ച്ച നാളെ
തിരുവനന്തപുരം കെഎസ്‌ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്കിന് നോട്ടീസ് നല്‍കിയ ട്രേഡ് യൂണിയനുകളുടെ പ്രതിനിധികളുമായി ബുധനാഴ്ച രാവിലെ പത്തിന് ചര്‍ച്ച നടത്തുമെന്ന് സിഎംഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു. ചൊവ്വാഴ്ച നടത്താനിരുന്ന ചര്‍ച്ച ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: