മാതൃക കാട്ടാൻ ചെറുപുഴ ഗ്രാമപഞ്ചായത്ത്; ടൗണിൽ ഹരിതവീഥി തീർക്കാൻ വ്യാപാരികൾ

ചെറുപുഴ ഗ്രാമപഞ്ചായത്ത്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കേരള വ്യാപാരി വ്യവസായി സമിതി, യൂത്ത് വിംഗ് ചെറുപുഴ എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന ഹരിതവീഥി പച്ചക്കറി വികസന പദ്ധതി സി കൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജാൻസി ജോൺസൺ അധ്യക്ഷത വഹിച്ചു. 

പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും വിഷ രഹിത പച്ചക്കറി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി വിജയകരമായാൽ മറ്റുള്ള പഞ്ചായത്തുകളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കുമെന്ന് എം എൽ എ പറഞ്ഞു. പച്ചക്കറിക്കായി അന്യസംസ്ഥാനത്തെ ആശ്രയിക്കാതിരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കാൻ ഇതിലൂടെ സാധിക്കും. തരിശ് ഭൂമികൾ പരമാവധി കാർഷികവൃത്തിക്കായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 

ചെറുപുഴ ടൗണിലെ മുഴുവൻ കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിലും വ്യാപാരികൾ ഗ്രോബാഗിൽ പച്ചക്കറി കൃഷി നടത്തും.  പദ്ധതിയിലൂടെ പഞ്ചായത്തിലെ മുഴുവൻ തരിശുനിലങ്ങളും കൃഷിയോഗ്യമാക്കും. വഴുതന, വെണ്ട, മുളക്, തക്കാളി മുതലായ പച്ചക്കറികളാണ് കൃഷിക്കായി കൃഷിഭവൻ നൽകുന്നത്. ചെറുപുഴ ടൗണിനോട് ചേർന്ന് കിടക്കുന്ന തരിശുനിലങ്ങളിൽ പയർ, ചീര, പാവയ്ക്ക തുടങ്ങിയ പന്തൽ കൃഷിയും നടത്തും. ഹരിതവീഥി പദ്ധതിക്കായി 40,000 രൂപയാണ് കൃഷി വകുപ്പ് നൽകുന്നത്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയിൽ പ്രൊജക്ട് അധിഷ്ഠിത പച്ചക്കറി കൃഷി ഇനത്തിൽ ഉൾപ്പെടുത്തി സബ്‌സിഡിയും നൽകുന്നുണ്ട്. 

കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി കെ രാമദാസ് പദ്ധതി വിശദീകരിച്ചു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കോമളവല്ലി, ചെറുപുഴ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലളിത ബാബു, കെ കെ ജോയി, കൃഷി അസി.ഡയറക്ടർ ടി പി എം നൂറുദ്ദീൻ, കൃഷി ഓഫീസർ എ റെജിന, കെ വി വി എസ് യൂത്ത് വിംഗ് പ്രസിഡന്റ് കെ എസ് അനിൽ കുമാർ, സെക്രട്ടറി കാവണാൽ നാരായണൻ, ജെ സെബാസ്റ്റ്യൻ, എം വി ശശി, എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: