ഇന്ന് മകരവിളക്ക്; ഭക്തി സാന്ദ്രമായി സന്നിധാനം: സുരക്ഷാ സംവിധാനം ശക്തം

ശബരിമല: പൊന്നമ്പലമേടിന്റെ ആകാശത്ത് തിങ്കളാഴ്ച സന്ധ്യയ്ക്ക് മകരവിളക്ക് തെളിയും. പൊന്നമ്പലമേട്ടിലേക്കുള്ള കാഴ്ചയ്ക്കു തടസ്സമില്ലാത്ത എല്ലായിടത്തും ഭക്തര്‍ നിറഞ്ഞുകഴിഞ്ഞു. കാടിനുള്ളില്‍ പര്‍ണശാലകള്‍ കെട്ടി, കൊട്ടും പാട്ടും നൃത്തച്ചുവടുകളുമായി പതിനായിരങ്ങളാണ് കാത്തിരിക്കുന്നത്. ശക്തമായ സുരക്ഷയാണ് മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്.

അയ്യായിരത്തോളം പോലീസുകാരെയും കേന്ദ്ര സേനയെയുമാണ് ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. ഒരു ഐജിയുടേയും രണ്ട് എസ്.പിയുടെയും നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. വിവിധ കേന്ദ്ര സേനകളും സന്നിധാനത്ത് എത്തിയിട്ടുണ്ട്. നേരത്തെ പ്രതിഷേധങ്ങളും സമരങ്ങളും നിറഞ്ഞുനിന്ന സന്നിധാനത്ത് ഇപ്പോള്‍ പൂര്‍ണമായും ഭക്തി സാന്ദ്രമായ അന്തരീക്ഷമാണ്.

മകരസംക്രമസമയമായ തിങ്കളാഴ്ച രാത്രി 7.52-ന് സംക്രമപൂജയും അഭിഷേകവും നടക്കും. സംക്രമാഭിഷേകത്തിനുള്ള നെയ്യ് കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് ഞായറാഴ്ച വൈകീട്ട് സന്നിധാനത്ത് എത്തിച്ചു.

പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയെ തിങ്കളാഴ്ച വൈകീട്ട് പതിനെട്ടാംപടിക്ക് മുകളില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെയും നേതൃത്വത്തില്‍ സ്വീകരിക്കും. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വാസുദേവന്‍നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണപേടകം ഏറ്റുവാങ്ങും. മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി ഞായറാഴ്ച ക്ഷേത്രത്തിനുള്ളില്‍ ബിംബശുദ്ധിക്രിയകള്‍ നടന്നു.

കൂടാതെ ഭക്തജനത്തിരക്ക് നിയന്ത്രിക്കുവാനും സുരക്ഷാ സംവിധാനം ഉറപ്പ് വരുത്തുവാനും പോലീസിന് നിർദ്ധേശം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: