രാവിലെ ഏഴ് മണിക്ക് പോളിംഗ് തുടങ്ങും; കണ്ണൂർ ജില്ലയിലെ വോട്ടെടുപ്പ് തിങ്കളാഴ്ച ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കണ്ണൂർ:തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പില്‍  ജില്ലയിലെ 2000922വോട്ടര്‍മാര്‍ നാളെ  പോളിംഗ് ബൂത്തിലെത്തും. രാവിലെ  ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ് സമയം.  ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍, എട്ട് നഗരസഭകള്‍, 11 ബ്ലോക്ക് പഞ്ചായത്തുകള്‍, 71 ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കൊവിഡ്- ഹരിത പെരുമാറ്റച്ചട്ടങ്ങള്‍ അനുസരിച്ചാണ് വോട്ടെടുപ്പ് നടക്കുക. കൊവിഡ് ബാധിതരും ക്വാറന്റൈനില്‍ കഴിയുന്നവരുമായ വോട്ടര്‍മാര്‍ വൈകിട്ട് അഞ്ചിനും ആറിനുമിടയില്‍ ബൂത്തുകളിലെത്തണം. ജനറല്‍ വോട്ടര്‍മാരില്‍ വൈകിട്ട് ആറ് വരെ വരിയിലുള്ളവര്‍ വോട്ട് ചെയ്തതിന് ശേഷമാണ് കൊവിഡ് വോട്ടര്‍മാരെ ബൂത്തില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുക. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന്  വൈകിട്ടോടെ പൂര്‍ത്തീകരിച്ചു. ഗ്രാമപഞ്ചായത്തിലെ 1166 വാര്‍ഡുകളിലേക്കും 149 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലേക്കും 289 നഗരസഭാ വാര്‍ഡുകളില്‍ 281 വാര്‍ഡുകളിലേക്കും 23 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുമാണ്  തെരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിലെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുടെ മരണംമൂലം മാറ്റിവെച്ചു. ഇവിടെ ഗ്രാമപഞ്ചായത്ത്  വാര്‍ഡുകള്‍, ബ്ലോക്ക് ഡിവിഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. എട്ട് നഗരസഭാ വാര്‍ഡുകളില്‍ എതിരില്ല. ആന്തൂര്‍ ആറ്, തളിപ്പറമ്പ് ഒന്ന്, തലശ്ശേരി ഒന്ന് എന്നിങ്ങനെയാണ് എതിരില്ലാതെ  തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകള്‍.  പ്രശ്ന സാധ്യതയുള്ള 940 ബൂത്തുകളില്‍ കണക്ടിവിറ്റിയുള്ള 881 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 500 ബൂത്തുകളില്‍ വീഡിയോ റെക്കോര്‍ഡിങ്ങും നടക്കും. ജില്ലാ പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ ഒരുക്കിയ കണ്‍ട്രോള്‍ റൂമില്‍ വെബ്കാസ്റ്റ് നിരീക്ഷിക്കും.   പ്രിസൈഡിംഗ് ഓഫീസറും പോളിംഗ് ഓഫീസറും ഉള്‍പ്പെടെ 12315 പേരാണ് പോളിംഗ് ഡ്യൂട്ടിയിലുളളത്. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി എണ്ണായിരത്തോളം പൊലീസുകാരും കൊവിഡ് പശ്ചാത്തലത്തില്‍ നാലായിരത്തിലേറെ ആരോഗ്യ പ്രവര്‍ത്തകരും പ്രവര്‍ത്തന സജ്ജരാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: