കണ്ണൂരില്‍ ഇടത് സ്ഥാനാര്‍ഥികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി കെ. സുധാകരന്‍

കണ്ണൂര്‍: കണ്ണൂരിെല മൂന്നുപഞ്ചായത്തുകളിലെ ഇടതുസ്ഥാനാര്‍ഥികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്ന് കള്ളവോട്ട് വരെ ചെയ്തവരാണ് ഇവിടെ സ്ഥാനാര്‍ഥികളെന്ന് സുധാകരന്‍ ആരോപിച്ചു. ഇതിന്‍െറ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തവരെല്ലാം ഇന്ന് സ്ഥാനാര്‍ഥികളാണ്. ഒരു വോട്ടല്ല; മൂന്ന് വോട്ടുകള്‍ വരെ ചെയ്ത ആളുകളാണ് ഇപ്പോള്‍ സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത്. ഇവരുടെ കൈകളിലേക്ക് പഞ്ചായത്ത് ഭരണം പോയാലുള്ള അവസ്ഥ എന്തായിരിക്കും? -സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
കള്ളവോട്ടും അക്രമവും കാണിക്കാതെ കണ്ണൂരില്‍ എല്‍.ഡി.എഫിന് ജയിക്കാനാവില്ല. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെങ്കിലും കള്ളവോട്ടും അക്രമവും നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി അണികളോട് ആഹ്വാനം ചെയ്യണം. അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടിക്കാരെയും ഉള്‍പ്പെടുത്തി ജനകീയ കര്‍മസേന രൂപവത്കരിച്ച്‌ കള്ളവോട്ടിനെ നേരിടും.
അക്രമത്തിന്‍റെയും അരാജകത്വത്തിന്‍റെയും ഭീതി പരത്തി ആളുകളെ വരുതിക്ക് നിര്‍ത്തിക്കൊണ്ടാണ് ജില്ലയിലെ ഭൂരിഭാഗം തെരഞ്ഞെടുപ്പുകളേയും സി.പി.എം അഭിമുഖീകരിക്കുന്നത്. അക്രമമില്ലാതെ കള്ളവോട്ട് ചെയ്യാതെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തന്‍റേടമുണ്ടെങ്കില്‍ പിണറായി വിജയന്‍ അണികളോട് പറയണം.
കള്ളവോട്ട് കാരണം ഇന്നു വരെ സ്വന്തമായി വോട്ട് ചെയ്യാന്‍ സാധിക്കാത്തവരുണ്ട്. അത് ഒരു ജനാധിപത്യ സംവിധാനത്തിന്‍റെ ഏറ്റവും പരിതാപകരമായ സാഹചര്യമാണ്. ഭയാനകമായ ഒരു രാഷ്ട്രീയ സംഭവമാണ്. കണ്ണൂരിലല്ലാതെ വേറെ എവിടെയെങ്കിലും ഇതുണ്ടാകുമോ എന്നറിയില്ല. അപമാനത്തിന്‍റെ നീര്‍ച്ചുഴിയിലാണ് കണ്ണൂരിന്‍റെ ജനാധിപത്യമെന്നും കെ. സുധാരന്‍ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: