ലൈഫ് വീടിന് 371 ഏക്കർ കൂടി; ടെൻഡർ പൂർത്തിയായി

ഭൂരഹിത– -ഭവനരഹിതർക്ക്‌ ഫ്ലാറ്റ്‌ നിർമിക്കാൻ സംസ്ഥാനത്ത്‌ 371 ഏക്കർ ഭൂമികൂടി കണ്ടെത്തി. വിവിധ ജില്ലകളിലെ 229 ഇടത്താണിത്‌. 193 ഇടത്ത്‌ ഭൂമി തദ്ദേശസ്ഥാപനങ്ങളുടേതും 36 ഇടത്ത്‌ റവന്യൂ, പൊതുമരാമത്ത്‌, ജലവിഭവം തുടങ്ങിയ വകുപ്പുകളുടേതുമാണ്‌. ആദ്യഘട്ട നിർമാണം ജനുവരി ആദ്യവാരം തുടങ്ങും. ഇതിന്റെ ടെൻഡർ പൂർത്തിയായി.

വിവിധ ജില്ലകളിൽ 84 ഭവനസമുച്ചയം നിർമിക്കാൻ 97 ഏക്കർ നേരത്തേ കണ്ടെത്തിയിരുന്നു. ഇടുക്കി അടിമാലിയിൽ നിർമിച്ച ഭവനസമുച്ചയത്തിൽ 163 കുടുംബം നേരത്തേ താമസം തുടങ്ങി.

പദ്ധതിയുടെ മൂന്നാംഘട്ടമായാണ്‌ ഭവനസമുച്ചയം നിർമിക്കുന്നത്‌. 3,37,416 പേരെയാണ്‌ ആദ്യഘട്ട സർവേയിൽ കണ്ടെത്തിയത്‌. പരിശോധന നടത്തി അർഹരായ 1,06,454 ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കി. ഒരു സെന്റ്‌ സ്ഥലത്ത്‌ ഒരു വീട്‌ എന്ന നിലയിലാണ്‌ നിർമാണം. ഒരുവീടിന്‌ 12.5 ലക്ഷംരൂപയാണ്‌ ചെലവ്‌ .

ഭൂമി ലഭിച്ച 84 ഇടത്ത്‌ ഒരു ജില്ലയിൽ ഒന്നുവീതം 14 സമുച്ചയം ആദ്യം നിർമിക്കും. പ്രീഫാബ്‌ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ജനുവരി ആദ്യവാരം തുടങ്ങി ആഗസ്‌തിൽ പൂർത്തീകരിക്കും. സഹകരണവകുപ്പ്‌ നടപ്പാക്കുന്ന കെയർഹോം പദ്ധതിയുടെ ഭാഗമായും ഒരു ജില്ലയിൽ ഒരു ഭവനസമുച്ചയംവീതം നിർമിക്കും. ഇതിന്റെ സ്ഥലപരിശോധന നടക്കുകയാണ്‌.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: