പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു; എതിര്‍പ്പുകള്‍ മറികടന്നു നിയമം പ്രാബല്യത്തില്‍

പാര്‍ലമെന്റിലെ ഇരുസഭകളും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ വ്യാഴാഴ്ച രാത്രി വൈകി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഗസറ്റില്‍ പ്രഖ്യാപനം വന്നതോടെ ഇന്നു മുതല്‍ നിയമം പ്രാബല്യത്തിലായിരിക്കുകയാണ്. ലോക്സഭയിലും രാജ്യസഭയിലും ഏറെ ചര്‍ച്ചകള്‍ക്കും നാടകീയരംഗങ്ങള്‍ക്കുമൊടുവിലാണ് ബില്‍ പാസായത്. എന്നാല്‍ പൗരത്വ ബില്ലിനെ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ തെരുവിലേക്ക് പടരുകയാണ്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ മിക്ക സംസ്ഥാനങ്ങളിലും ജനം തെരുവില്‍ പ്രതിഷേധിക്കുന്നുണ്ട്. വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

അസമിലും ത്രിപുരയിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. പന്ത്രണ്ട് സംഘടനങ്ങളുടെ പിന്തുണയോടെ നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് അസോസിയേഷനാണു പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. ഇവിടെ പൊലീസ് വെടിവയ്പില്‍ മൂന്ന് പേര്‍ മരണമടഞ്ഞു. മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഗുവാഹത്തി നഗരത്തില്‍ അനിശ്ചിതകാല കര്‍ഫ്യൂ ലംഘിച്ച്‌ തെരുവുകളില്‍ ഇറങ്ങിയ ജനക്കൂട്ടം പൊലീസിനെ ആക്രമിച്ചതോടെയാണ് വെടിവച്ചത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് തെരുവുകളില്‍ പ്രക്ഷോഭം നടത്തുന്നത്. അസാമില്‍ ജനക്കൂട്ടം ബി.ജെ.പിയുടെയും അസാം ഗണപരിഷത്തിന്റെയും നേതാക്കളുടെ വീടുകള്‍ ആക്രമിച്ചു.ബി. ജെ. പി. എം. എല്‍. എയുടെ വീടിന് തീവച്ചു.

ബില്‍ ഇരുസഭകളിലും പാസായതോടെ സാന്ത്വനത്തിന്റെ പാതയിലാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതികരിക്കുന്നത്. പൗരത്വ ഭേദഗതി ബില്‍ നിയമമായതില്‍ അസാമിലെ ‘സഹോദരീ സഹോദരന്മാര്‍’ ആശങ്കപ്പെടേണ്ടതില്ലെന്ന് മോദി ട്വിറ്ററില്‍ പറഞ്ഞു. അസാമിലെ ജനങ്ങളുടെ അവകാശങ്ങളും, വ്യക്തിത്വവും മനോഹരമായ സംസ്‌കാരവും ആര്‍ക്കും തട്ടിയെടുക്കാന്‍ ആവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ തെറ്റിദ്ധാരണകളില്‍ വീണുപോകരുത്. തന്നെ വിശ്വസിക്കണമെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോട് മോദി ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതിയെ ശക്തമായ ഭാഷയിലാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. ബി.ജെ.പിയുടെ ഭിന്നിപ്പിക്കല്‍ അജന്‍ണ്ടയാണിതെന്നും, കോണ്‍ഗ്രസ് അതിനെ ശക്തമായി നേരിടുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ്‌ചെയ്തു. പൗരത്വ ഭേദഗതി ബില്ലിനെതിരെ നിയമയുദ്ധത്തിനും പ്രതിപക്ഷം തുടക്കമിട്ടു. മുസ്ലിം ലീഗ് ഇന്നലെ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുല്‍ വഹാബ്, പി.കെ. നവാസ് കനി എന്നിവര്‍ നേരിട്ടാണ് ഹര്‍ജി നല്‍കിയത്. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഭരണഘടനാവിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ല മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവ് കേരളത്തില്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം അയല്‍രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ നിയമനിര്‍മ്മാണത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പൗരത്വ ബില്ലിനെ വിമര്‍ശിച്ച ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുള്‍ മോമെനും ആഭ്യന്തര മന്ത്രി അസദുസമാന്‍ ഖാനും ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി. മതേതര രാഷ്ട്രമെന്ന ഇന്ത്യയുടെ ചരിത്രപരമായ പദവിയെ ദുര്‍ബലപ്പെടുത്തുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നും ബംഗ്ലാദേശില്‍ ഹിന്ദുക്കളെ പീഡിപ്പിക്കുന്നുവെന്ന മട്ടിലുള്ള അമിത് ഷായുടെ പ്രസ്താവന അസത്യമാണെന്നും മോമെന്‍ വിമര്‍ശിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: