അഴീക്കോടുള്ള രണ്ടു കുടുംബങ്ങളും സിറ്റിയിലെ ഒരാളും ഐ എസിൽ ചേരാൻ നാടുവിട്ടു

കണ്ണൂർ: കണ്ണൂർ ജില്ലയിൽനിന്ന് പത്തുപേർകൂടി ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) ഭാഗമാകാനായി നാടുവിട്ടു. അഴീക്കോട് പൂതപ്പാറയിലെ രണ്ടുകുടുംബങ്ങളും സിറ്റി കുറുവയിലെ ഒരാളുമാണ് പോയതെന്ന് പോലീസിന് വിവരം ലഭിച്ചു. സിറിയയിലോ അഫ്ഗാനിസ്താനിലോ ഉള്ള ഐ.എസ്. കേന്ദ്രത്തിലേക്കാണ് ഇവർ പോയതെന്ന് സംശയിക്കുന്നു.

പൂതപ്പാറയിലെ കെ. സജ്ജാദ്, ഭാര്യ ഷാഹിന, രണ്ട് മക്കൾ, പൂതപ്പാറയിലെതന്നെ അൻവർ, ഭാര്യ അഫ്‌സീല, മൂന്നുമക്കൾ, കുറുവയിലെ ടി.പി. നിസാം എന്നിവരാണ് നവംബർ 20-ന് വീടുവിട്ടത്. മൈസൂരുവിലേക്കെന്നുപറഞ്ഞാണ് പോയത്. മടങ്ങിവരാത്തതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യു.എ.ഇ.യിലേക്ക് പോയതായും അവിടെനിന്ന് മുങ്ങിയതായും വിവരംകിട്ടിയത്. സിറിയയിൽ ഐ.എസ്. കേന്ദ്രങ്ങൾ മിക്കവാറും തകർന്നതിനാൽ അഫ്ഗാനിസ്താനിലെ ഏതോ കേന്ദ്രത്തിൽ ഇവർ എത്തിയിട്ടുണ്ടാവുമെന്നാണ് പോലീസ് കരുതുന്നത്. ഡിവൈ.എസ്.പി. പി.പി. സദാനന്ദന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.

തീവ്രവാദി സ്വഭാവമുള്ള സംഘടനയുമായി ഇവർക്ക് നേരത്തേ ബന്ധമുണ്ടായിരുന്നു. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നേരത്തേ ഐ.എസിൽ ചേരാൻ പോയിരുന്നു. പാപ്പിനിശ്ശേരിയിൽനിന്നുപോയി ഐ.എസിൽ ചേർന്ന് സിറിയയിൽ കൊല്ലപ്പെട്ട ഷമീറിന്റെ ഭാര്യ ഫൗസിയയുടെ അനുജത്തിയാണ് അൻവറിന്റെ ഭാര്യ അഫ്സീല. ഷമീറിന്റെ മക്കളായ സൽമാൻ, സഫ്‌വാൻ എന്നിവരും കൊല്ലപ്പെട്ടതായി നേരത്തേ വിവരം ലഭിച്ചിരുന്നു. അതറിഞ്ഞശേഷമാണ് അൻവർ-അഫ്സീല ദമ്പതിമാരും കുട്ടികളും ഐ.എസി.ലേക്ക് പോകാൻ തീരുമാനിച്ചതെന്നാണ് പോലീസ് കരുതുന്നത്. ഷമീറിന്റെ അടുത്ത സുഹൃത്താണ് ഇപ്പോൾ നാടുവിട്ട സജ്ജാദ്. സജ്ജാദിന്റെ ഭാര്യ ഷാഹിന കുടക് സ്വദേശിയാണ്. മതംമാറി ഷാഹിനയെന്നപേര് സ്വീകരിച്ചശേഷമായിരുന്നു വിവാഹം.

കണ്ണൂർ ജില്ലയിൽനിന്ന്‌ നേരത്തേ ഐ.എസിൽ ചേരാൻപോയ 35 പേരിൽ (13 കുട്ടികളടക്കം) അഞ്ചുപേരെ തുർക്കിയിൽനിന്ന് പോലീസ് പിടികൂടി തിരികെ അയച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: