പൊതുവിദ്യാലയങ്ങൾ വിദ്യാഭ്യാസ
മേഖലയുടെ കരുത്തായി മാറി : മന്ത്രി

സർക്കാർ, എയിഡഡ് എൽ പി സ്കൂളുകൾ ഉൾപ്പെടെയുള്ള പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് കരുത്തുറ്റ വിദ്യാഭ്യാസ പ്രസ്ഥാനത്തിന്റെ കാതലായി മാറിയെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പേരട്ട ഗവ. എൽ പി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തൊട്ടടുത്തുള്ള സർക്കാർ സ്കൂളുകളിൽ കുട്ടികളെ ചേർക്കാൻ രക്ഷിതാക്കൾ മടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്ന് ആ സ്ഥിതി മാറി. കുട്ടികളെ തിരിച്ച് സർക്കാർ സ്കൂളുകളിലേക്ക് ചേർക്കുന്ന സ്ഥിതിയാണ് ഉള്ളത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്കൂളുകളാണ് ഇന്ന് കേരളത്തിലുള്ളത്. എൽ പി സ്കൂളുകൾ വരെ ഹൈടെക് ആയി. കുട്ടികളെ ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാക്കാ ൻ കഴിയും വിധത്തിൽ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തണം. അതിന് അധ്യാപകരും പി ടി എയും ജനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്.  ഇത്തരത്തിലുള്ള മുന്നേറ്റങ്ങളിലൂടെ കേരളം വിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറണം-മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്ലാൻ ഫണ്ടിൽ നിന്നും 1.10 കോടി രൂപ ചെലവിലാണ് പേരട്ട ഗവ. എൽ പി സ്കൂളിന്റെ പുതിയ കെട്ടിടം നിർമ്മിച്ചത്. ഒന്നാം നിലയിൽ ഒരു ക്ലാസ്സ്‌മുറിയും ഒരു ടോയ്ലറ്റ് ബ്ലോക്കും രണ്ടാം നിലയിൽ മൂന്ന് ക്ലാസ്സ്‌ മുറികളും ഒരു ടോയ്ലറ്റ് ബ്ലോക്കുമാണ് നിർമ്മിച്ചത്.

ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ്‌ കുര്യൻ, ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഹമീദ് കണിയാട്ടയിൽ, പായം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് പി രജനി, വൈസ് പ്രസിഡണ്ട് അഡ്വ. എം വിനോദ്കുമാർ, സ്ഥിരം സമിതി അധ്യക്ഷ വി പ്രമീള, അംഗം ഷിജി ദിനേശൻ, ഉളിക്കൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്‌റഫ്‌ പാലിശ്ശേരി, അംഗം ബിജു വെങ്ങലപ്പള്ളി, ബിൽഡിങ്‌ ഡിവിഷൻ തലശ്ശേരി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജിഷ കുമാരി, ഇരിട്ടി എ ഇ ഒ എം ടി ജയ്സ്, ഇരിട്ടി ബി പി സി ടി എം തുളസീധരൻ, ഹെഡ്മാസ്റ്റർ വി പി അബ്ദുൾ മജീദ്, സംഘാടക സമിതി കൺവീനർ ഇ എസ് സത്യൻ, വിവിധ രാഷ്ട്രീയ-സാമൂഹിക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: