പാപ്പിനിശ്ശേരിയിൽ തെരുവുനായ്ക്കൾ ചത്തുവീഴുന്നതായി പരാതി; നടപടി വേണമെന്ന് നാട്ടുകാർ

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കൾ ചത്തുവീഴുന്നു. ആഴ്ചകളായി പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടും ഫലപ്രദമായ ഒരു നടപടിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

ഒക്ടോബർ ആദ്യം തന്നെ പഞ്ചായത്തിന്റെ പല ഭാഗത്തും രോഗം ബാധിച്ച് അവശനിലയിൽ നായകളെ കണ്ടെത്തിയിരുന്നു. ഈ കാര്യം നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തതാണ്.

ആഴ്ചകൾ പിന്നിടുമ്പോൾ കൂടുതൽ നായ്ക്കളിൽ രോഗലക്ഷണങ്ങൾ കാണുന്നു. ചിലതിനെ ചത്തനിലയിലും കാണുന്നു. അരോളി, നരയൻകുളം, കല്ലൂരി, വളപട്ടണം പാലത്തിന് സമീപം, പഴയങ്ങാടി റോഡ് കവല തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചത്തനിലയിൽ നായ്ക്കളെ കണ്ടെത്തിയിട്ടുണ്ട്.

ഭക്ഷണം കഴിക്കാതെ ദിവസങ്ങൾ കഴിയുന്നതോടെ ശരീരം ശോഷിച്ച് കിടപ്പിലായി തുടർന്ന് മരണത്തിന് കീഴടങ്ങുന്ന കാഴ്ചയാണ്.

തെരുവുനായ്ക്കളുടെ രോഗത്തെ കുറിച്ച് വിവരം ലഭിച്ചതായി പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുശീല പറഞ്ഞു. പ്രശ്നം മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

ഒരുതരം വൈറസ് രോഗമാണെന്നാണ് പാപ്പിനിശ്ശേരി മൃഗാശുപത്രി വെറ്ററിനറി സർജൻ പറയുന്നത്. നായ്ക്കളുടെ പ്രജനനകാലത്ത് ഇത്തരം രോഗം കൂടുതലായി കാണപ്പെടുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: