അധ്യാപകർ ഒരുക്കിയ സ്‌നേഹത്തണലിലേക്ക് ലെന

കൂത്തുപറമ്പ്: കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനലിന്റെ ലിറ്റിൽ സയന്റിസ്റ്റ് അവാർഡ് ജേതാവായ പാട്യത്തെ കെ പി ലെന  ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങും. കെഎസ്ടിഎ ജില്ലാകമ്മിറ്റി ‘കുട്ടിക്ക് ഒരു വീട്’ പദ്ധതിയുടെ ഭാഗമായാണ് പാട്യം മുതിയങ്ങ ശങ്കരവിലാസം യുപി സ്കൂൾ ഏഴാംക്ലാസ്‌  വിദ്യാർഥിനിയും ലിറ്റിൽ സയിന്റിസ്റ്റ് മത്സര ജേതാവുമായ കെ പി ലെനയ്ക്ക് വീടൊരുക്കിയത്. താക്കോൽ ദാനം ഞായർ വൈകിട്ട്‌  നാലിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ നിർവഹിക്കുമെന്ന്‌ കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ്‌ ഇ കെ വിനോദനും സെക്രട്ടറി വി പ്രസാദും  വാർത്താസമ്മേളനത്തിൽ  പറഞ്ഞു.    മുതിയങ്ങയിലെ  കുഞ്ഞിപ്പുനത്തിൽ ജയചന്ദ്രന്റെയും ഷൈനയുടെയും മകളാണ് ലെന. അടച്ചുറപ്പില്ലാത്ത വീട്ടിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്‌.  13 ലക്ഷം രൂപ ചെലവഴിച്ച്‌  അഞ്ചുമാസംകൊണ്ടാണ്‌ വീട് നിർമാണം പൂർത്തിയാക്കിയത്.  നാലാം ക്ലാസ്‌ വിദ്യാർഥി കെ പി ഹർഷ് സഹോദരനാണ്. വാർത്താസമ്മേളനത്തിൽ സി സി വിനോദ് കുമാർ, വി നിധീഷ്, കെ എസ് സഞ്ജീവ് രാജ്, കെ  സി സുധീർ, ടി കെ ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: