ആറിനം സംയുക്ത കര്‍മ്മപദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന്  ആറു പദ്ധതികള്‍ നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത്. സ്ത്രീപദവി പഠനം, ജീവിതമാണ് ലഹരി, ലഹരിയല്ല ജീവിതം, സ്മാര്‍ട്ട് ഐ, പത്താമുദയം, കണ്ണൂര്‍ വിവര സഞ്ചയിക, കണ്ണൂര്‍ ഫൈറ്റ് കാന്‍സര്‍ എന്നിവയാണ് ജില്ലാതല സംയുക്ത പദ്ധതികളായി നടപ്പിലാക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോര്‍പറേഷന്‍, നഗരസഭകള്‍, ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് മേല്‍നോട്ടം വഹിക്കും. സ്ത്രീപദവി പഠനത്തിനായി കിലയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 18ന് പരിശീലന പരിപാടി നടത്തും. തുടര്‍ന്ന് പൊതുചോദ്യാവലി തയ്യാറാക്കി സര്‍വേക്കായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറും. ഇതിനായി ഒരു കോടി രൂപ ആസൂത്രണ സമിതി മാറ്റിവെച്ചിട്ടുണ്ട്.
വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് ‘ജീവിതമാണ് ലഹരി, ലഹരിയല്ല ജീവിതം’ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണം, വിവിധ തലങ്ങളില്‍ ഹ്രസ്യ ചിത്രങ്ങള്‍/മൊബൈല്‍ വീഡിയോഗ്രാഫി മത്സരങ്ങള്‍, ജില്ലാതല ട്രോള്‍മേക്കിങ് മത്സരങ്ങള്‍, വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നാടക/ സ്‌കിറ്റ് മത്സരങ്ങള്‍ നടത്തും. പ്രധാനപ്പെട്ട കവലകളിലും പ്രദേശങ്ങളിലും പദ്ധതിയുടെ ഭാഗമായി ബോധവല്‍ക്കരണ ബോര്‍ഡുകളും സ്ഥാപിക്കും. ക്യാംപയിന്റെ ഭാഗമായി പഞ്ചായത്തിലെ വാര്‍ഡുകളില്‍ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് ലഹരി വിരുദ്ധ നിരീക്ഷണം ശക്തമാക്കുമെന്നും പിപി ദിവ്യ പറഞ്ഞു. നഗരങ്ങളിലെ കടകളില്‍ നിന്ന് ലഹരിഉല്‍പന്നങ്ങള്‍ പിടികൂടിയാല്‍ ഇനി കടയുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അവര്‍ പറഞ്ഞു.
പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് പിടികൂടാനാണ് തദ്ദേശ സ്ഥാപനങ്ങളില്‍ ‘സ്മാര്‍ട്ട് ഐ’ പദ്ധതി നടപ്പാക്കുന്നത്. ഓരോ തദ്ദേശസ്ഥാപനങ്ങളിലും ചുരുങ്ങിയത് അഞ്ചിടങ്ങളിലെങ്കിലും സിസിടിവി സ്ഥാപിച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം തുറന്ന് നിരീക്ഷിക്കും. കണ്ണൂര്‍ ഗവ. എഞ്ചിനിയറിങ് കോളജാണ് പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
ജില്ലയിലെ 17നും 50നും ഇടയിലുള്ള എല്ലാവരെയും അഞ്ചുവര്‍ഷം കൊണ്ട് പത്താംതരം വിദ്യാഭ്യാസമുള്ളവരാക്കി മാറ്റുക, ജില്ലയെ സമ്പൂര്‍ണ സെക്കന്‍ഡറി വിദ്യാഭ്യാസം നേടുന്ന ഇന്ത്യയിലെ ആദ്യ ജില്ലയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ‘പത്താമുദയം’ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി 10 മാസം നീളുന്ന പരിശീലന പരിപാടി നടത്തും.
ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും സമഗ്ര വിവര ശേഖരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘കണ്ണൂര്‍ വിവര സഞ്ചയിക’ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുകയും ക്രോഡീകരിച്ച് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഏതു സമയത്തും ലഭിക്കുന്ന രീതിയില്‍ വെബ് അധിഷ്ഠിതമായി ക്രമീകരിക്കുകായും ചെയ്യും. ഒക്ടോബറില്‍ തുടങ്ങി 2023 ഫെബ്രുവരിയോടെ പദ്ധതി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ലക്ഷ്യമിടുന്നത്.
കാന്‍സര്‍ രോഗത്തെ നേരത്തെ കണ്ടെത്തുന്നതിനും ചികിത്സക്കായുള്ള സമഗ്ര പരിപാടികള്‍ ആവിഷ്‌കരിക്കുക ലക്ഷ്യത്തോടെയാണ് ‘കണ്ണൂര്‍ ഫൈറ്റ് കാന്‍സര്‍’ പദ്ധതി നടപ്പാക്കുന്നത്. തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. ആശവര്‍ക്കര്‍, ജെപിഎച്ച്എന്‍, ജൂനിയര്‍ ഹെല്‍ത്ത്ഇന്‍സ്പെക്ടര്‍ എന്നിവരെ ഉള്‍പ്പെടുത്തി വാര്‍ഡ് തലങ്ങളില്‍ സര്‍വേയും ക്യാംപുകളും നടത്തും. പിഎച്ച്സി, എഫ്എച്ച്എസി വഴി കാന്‍സര്‍ ഡിറ്റക്ഷന്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്.
ആറു പദ്ധതികള്‍ നടപ്പാക്കുന്നതോടെ മികച്ച ജില്ലയാക്കി കണ്ണൂരിനെ മാറ്റാനാകുമെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ പ്രകാശനും പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: