കണ്ണൂര്‍ നഗര സമുച്ചയത്തിനായി 24.56 കോടി രൂപയുടെ പദ്ധതി

2 / 100

കണ്ണൂരില്‍ നഗര സമുച്ചയം നിര്‍മിക്കുന്നതിനായി 24.56 കോടി രൂപയുടെ പദ്ധതിയ്ക്ക് കിഫ്ബി അംഗീകാരം. മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എന്നിവരുമായി തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയുടെ ഫലമായാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
നിലവിലുള്ള 100 വര്‍ഷം പഴക്കമുള്ള മുന്‍സിപ്പല്‍ ഓഫീസ് പൊളിച്ചാണ് അഞ്ച് നിലയുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം വരുന്നതെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു. രണ്ട് നില ബേസ് മെന്റ് നിലയും അതിന്റെ മുകളില്‍ മൂന്ന് നിലകളുമായി 8522 ചതുരശ്ര മീറ്ററിലാണ് പുതിയ നഗരസഭാ സമുച്ചയം വരുന്നത്. കോര്‍പറേഷന്‍ ഭരണ സമുച്ചയത്തിന് 30 കോടി രൂപയുടെ ഡിപിആറാണ് തയ്യാറാക്കിയത്. വിവിധ തലത്തിലുള്ള പഠനത്തിനും ചര്‍ച്ചകള്‍ക്കും ശേഷം ഇന്നലെ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് 24.56 കോടി രൂപയുടെ പദ്ധതിക്ക് അംഗികാരം നല്‍കുകയിരുന്നു.
2015ലാണ് കണ്ണൂര്‍ മുന്‍സിപ്പാലിറ്റിയും സമീപ പഞ്ചായത്തുകളും ചേര്‍ന്ന് കേരളത്തിലെ ആറാമത്തെ നഗരസഭയായി കണ്ണൂര്‍ നഗരസഭയെ പ്രഖ്യാപിച്ചത്. കണ്ണൂര്‍ മുന്‍സിപ്പാലിറ്റിയുടെ ഒപ്പം പുതുതായി ചേര്‍ത്ത പുഴാതി, പള്ളിക്കുന്ന്, എളയാവൂര്‍, എടക്കാട്, ചേലോറ എന്നീ അഞ്ച് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് കണ്ണൂര്‍ നഗരസഭ. ആദ്യ മേയറായി ഇ പി ലതയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന നഗരസഭക്ക് ഭരണനിര്‍വഹണത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. 2017ലാണ് കണ്ണൂര്‍ നഗരസഭക്ക് 117 അധിക തസ്തികള്‍ അനുവദിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. അതോടൊപ്പം പുതിയ ഭരണ സമുച്ചയത്തിന് നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

One thought on “കണ്ണൂര്‍ നഗര സമുച്ചയത്തിനായി 24.56 കോടി രൂപയുടെ പദ്ധതി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: