ദേശീയ പാതാ വികസനം: തളിപ്പറമ്പ്- മുഴപ്പിലങ്ങാട്, പേരാല്‍ – തളിപ്പറമ്പ് പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു

1 / 100
കണ്ണൂർ :കേരളത്തിന്റെ സമഗ്ര വികസനത്തിന് കുതിപ്പേകുന്ന ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി ജില്ലയില്‍ രണ്ട് റീച്ചുകളുടെ പ്രവൃത്തിക്ക് തുടക്കമായി. തളിപ്പറമ്പ്- മുഴപ്പിലങ്ങാട്, പേരാല്‍ – തളിപ്പറമ്പ്  പ്രവൃത്തികളുടെ  ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഓണ്‍ലൈനായി നിര്‍വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി.
ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള തടസ്സങ്ങളെല്ലാം നീക്കി കേരളത്തിലെ ദേശീയപാത വികസനം സാധ്യമാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വഹിച്ച പങ്ക് നിസ്തുലമാണെന്നും അതിന് നന്ദി അറിയിക്കുന്നതായും ഗഡ്കരി പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരത്തുക മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ നല്ല രീതിയിലുള്ള ഇടപെടലുകളാണ് ഭൂമി ഏറ്റെടുക്കലിന് വഴിയൊരുക്കിയത്. അടുത്ത ഒരു വര്‍ഷത്തിനിടയില്‍ 965 കോടിയുടെ എട്ട് ദേശീയപാതാ വികസന പദ്ധതികള്‍ കൂടി കേരളത്തില്‍ നടപ്പിലാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.ദേശീയപാത വികസനത്തെ ത്വരിതപ്പെടുത്തുന്ന പ്രധാന പദ്ധതികള്‍ക്കാണ് സംസ്ഥാനത്ത് തുടക്കം കുറിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് ദേശീയ പാത വികസിപ്പിക്കാന്‍ കഴിയില്ല എന്ന് കണക്കാക്കി  ഒരു ഘട്ടത്തില്‍ ദേശീയപാത അതോറിറ്റി  പിന്മാറിയിരുന്നു. അത്തരമൊരു അനിശ്ചിതത്വത്തില്‍ നിന്നാണ് ഇന്നത്തെ നിലയിലേക്ക് എത്തിക്കാനായത്.വിജ്ഞാപന കാലാവധി അവസാനിച്ച് തുടര്‍ നടപടികള്‍ അനിശ്ചിതമായതിനെ തുടര്‍ന്നായിരുന്നു ദേശീയ പാത അതോറിറ്റി അന്ന് പിന്മാറിയത്. എന്നാല്‍ സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കലാനുസൃതമായ ദേശീയപാത വികസനം അനിവാര്യമായിരുന്നു. പദ്ധതി യാര്‍ഥ്യമാക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി വലിയ പിന്തുണയാണ് നല്‍കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ വികസനത്തില്‍ നാഴികക്കല്ലാകുന്ന ചടങ്ങിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അഭിപ്രായപ്പെട്ടു.
ജില്ലയിലെ രണ്ട് പദ്ധതികള്‍ ഉള്‍പ്പെടെ 12,692 കോടി രൂപയുടെ എട്ട് പദ്ധതികള്‍ക്കാണ് സംസ്ഥാനത്ത് തുടക്കമായത്. ഏഴ് പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കഴക്കൂട്ടം – മുക്കോല പാതയുടെ ഉദ്ഘാടനവും നടന്നു. കാസര്‍ഗോഡ് തലപ്പാടി മുതല്‍ കണ്ണൂര്‍ മുഴപ്പിലങ്ങാട് വരെയുള്ള നാല് റീച്ചുകളിലെ പദ്ധതികളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്.  കണ്ണൂര്‍ – കാസര്‍കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പേരാല്‍ – തളിപ്പറമ്പ് (40കി മീ) പാതയ്ക്ക് 3042 കോടി രൂപയും, ജില്ലയിലെ തളിപ്പറമ്പ്- മുഴപ്പിലങ്ങാട് (29.50 കിമീ) പാതയ്ക്ക് 2715 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ഇതിന് പുറമെ തലപ്പാടി മുതല്‍ ചെങ്കള വരെ (39 കി മീ) 1981 കോടി രൂപ, ചെങ്കള – നീലേശ്വരം (37.27 കി മീ) 1746 കോടി രൂപ, കോഴിക്കോട് പാലോളി പാലം – മൂരാട് പാലം ആറുവരിയായി പുനര്‍നിര്‍മിക്കല്‍ 210 കോടി രൂപ, ചെറുതോണി മേല്‍പ്പാല നിര്‍മ്മാണം ( 0.3 കി മീ) 24 കോടി രൂപ, കോഴിക്കോട് ബൈപാസ് (28.4 കി മീ) 1853 കോടി രൂപ എന്നിങ്ങനെയാണ് ചെലവഴിക്കുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയിലെ തളിപ്പറമ്പ്, കണ്ണൂര്‍ താലൂക്കുകളിലെ 12 വില്ലേജുകളിലായി 117.6775ഹെക്ടര്‍ ഭൂമിയാണ് എറ്റെടുക്കുന്നത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സഹമന്ത്രി ജനറല്‍ ഡോ. വി കെ സിംഗ്, മന്ത്രിമാരായ ജി സുധാകരന്‍, ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍, കടകംപള്ളി സുരേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ കെ രാഗേഷ് എം പി, എംഎല്‍എമാരായ സി കൃഷ്ണന്‍, ജെയിംസ് മാത്യു,  ടി വി രാജേഷ്,  കെ എം ഷാജി, ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: