ലഹരിമുക്തമായ നവകേരളം സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

1 / 100
കണ്ണൂർ :എക്സൈസ് വകുപ്പിന്റെയും  പോലീസിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ലഹരി മുക്ത കേരളത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മട്ടന്നൂരില്‍ പുതുതായി നിര്‍മ്മിച്ച എക്സൈസ് റേഞ്ച് ഓഫീസിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച്  സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള ലഹരി മാഫിയകളുടെ ശ്രമം വലിയ തോതിലാണെന്നും എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ ഓഫീസുകള്‍ ആരംഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ കര്‍ശന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.  ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് എക്‌സൈസ്, പോലീസ് വകുപ്പുകള്‍ നടത്തുന്നത്. കോവിഡ് മഹാമാരിക്കിടയിലും വിമുക്തി മിഷന്റെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍  ഓണ്‍ലൈനായി സംഘടിപ്പിക്കാനും വകുപ്പിന് സാധിച്ചു. യുവാക്കളെയും വിദ്യാര്‍ഥികളെയുമാണ് ലഹരി മാഫിയകള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇത് സമൂഹത്തെ  പ്രതികൂലമായി ബാധിക്കുന്നു.  സമൂഹത്തിന്റെ പൊതു സ്വഭാവത്തില്‍ നിന്ന് വലിയ തോതിലുള്ള പുറകോട്ട് പോക്കിന് ലഹരി മാഫിയകളുടെ സ്വാധീനം ഇടയാക്കും.  യുവജനങ്ങളേയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ടുള്ള ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി തടയുന്നതിന് വകുപ്പിന് കഴിഞ്ഞു. എങ്കിലും ഈ ശ്രമങ്ങളെ കഴിയാവുന്നത്ര പരാജയപ്പെടുത്താന്‍ ലഹരി മാഫിയകള്‍ ശ്രമിക്കുന്നുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ എത്ര ശക്തമാണെന്നുള്ളതിനുള്ള സൂചനയാണ് അടുത്തിടെ ഉണ്ടായ ലഹരിക്കടത്ത് സംഭവങ്ങള്‍. എന്നാല്‍ ഇവ പരാജയപ്പെടുത്തുന്നതിനായി സംസ്ഥാന സ്‌പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.
മയക്കുമരുന്നും മറ്റ് ലഹരി പദാര്‍ഥങ്ങളും സൃഷ്ടിക്കുന്ന വിപത്തിനെക്കുറിച്ച് സമൂഹത്തില്‍ നല്ല അവബോധം ഉയര്‍ത്തിക്കൊണ്ട് വരാന്‍ കഴിയണം. എക്‌സൈസിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നാടിന്റെ പിന്തുണ ഉണ്ടാവണം. ലഹരി വിരുദ്ധ കേരളം സൃഷ്ടിക്കാന്‍ സാമൂഹികമായ ഇടപെടല്‍ അനിവാര്യമാണ്. നേരത്തെ എക്‌സൈസ് എന്നത് പുരുഷന്‍മാര്‍ മാത്രം ഉള്ള സംവിധാനം ആയിരുന്നു. 138 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികകള്‍ ഉള്‍പ്പെടെ 384 പുതിയ തസ്തികളാണ് സൃഷ്ടിച്ചത്. വനിതാ പെട്രോളിങ് സ്‌ക്വാഡുകളും രൂപീകരിച്ചു. പട്ടിക വര്‍ഗ്ഗക്കാരായ 25 യുവതീ യുവാക്കള്‍ക്ക് അധിക തസ്തികകള്‍ സൃഷ്ടിച്ച് പുതിയ നിയമനം നല്‍കി. 15 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാര്‍,  159 സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍, മൂന്ന് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം തുടങ്ങി.  എക്സൈസിന്റെ എല്ലാ ഒഴിവുകളും ഇതിനകം തന്നെ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എക്‌സൈസ് സേനയില്‍ വനിതാ പ്രാതിനിധ്യം ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. മികച്ച ഇടപെടലാണ് ഡി അഡിക്ഷന്‍ സെന്ററുകളിലൂടെ സംഘടിപ്പിക്കുന്നത്. താലൂക്ക് തലത്തില്‍ ഡി അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ച് വരികയാണ് – മുഖ്യമന്ത്രി പറഞ്ഞു.
മട്ടന്നൂര്‍ തല്‌ശേരി റോഡില്‍ അനുവദിച്ച പത്ത് സെന്റിലാണ് മട്ടന്നൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസിന്റെ പുതിയ കെട്ടിടം പണിതത്. ആധുനിക രീതിയില്‍ നിര്‍മ്മിച്ച കെട്ടിട സമുച്ചയത്തിന്  1.14 കോടി രൂപയാണ് ചെലവ്.
എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി. മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍, ഇ ചന്ദ്രശേഖരന്‍, എം എം മണി, എംപിമാരായ കെ കെ രാഗേഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ,ജില്ലാ കലക്ടര്‍ ടി വി സുഭാഷ് എ ഡി ജി പി  ആന്‍ഡ് എക്‌സൈസ് കമ്മീഷണര്‍ എസ് ആനന്ദ കൃഷ്ണന്‍ എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു.
മട്ടന്നൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസില്‍ നടന്ന പരിപാടിയില്‍ മട്ടന്നൂര്‍ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ എം റോജ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജോയിന്റ് എക്സൈസ് കമ്മീഷണര്‍ (ഉത്തരമേഖല) പി കെ സുരേഷ്, ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍ അന്‍സാരി ബീഗു, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ കെ എസ് ഷാജി, മട്ടന്നൂര്‍  നഗരസഭാ വാര്‍ഡ് കൗണ്‍സലര്‍മാരായ പി വി ധനലക്ഷ്മി, കെ വി ജയചന്ദ്രന്‍, വി പി ഇസ്മായില്‍, എം ഗംഗാധരന്‍, വി എന്‍ സത്യേന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: