കോവിഡ് വ്യാപനത്തിന്റെ പേരിൽ ഇരിട്ടി നഗരം അടിക്കടി അടച്ചിടുന്നതിനെതിരേ വ്യാപാരികളുടെ ഉപവാസം നാളെ (14.09.20)

0

ഇരിട്ടി :കോവിഡ് വ്യാപനത്തിന്റെ പേരിൽ ഇരിട്ടി നഗരത്തിലെ കട കമ്പോളങ്ങൾ മുഴുവൻ അടിക്കടി അടച്ചിടുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടിയിലും , വ്യാപാരികളും ടൗണിനെ ആശ്രയിച്ചു കഴിയുന്ന പതിനായിരങ്ങൾ പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥക്കുമെതിരെ നാളെ (14 ന് തിങ്കളാഴ്ച ) വ്യാപാരിസംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ ഉപവാസ സമരം നടത്തും. ഇരിട്ടി നഗരസഭാ കോംപ്ലക്സിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയാണ് ഉപവാസം. കോവിഡ് വ്യാപനത്തെത്തുടർന്ന് ദേശീയ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഇരിട്ടി നഗരവും നിശ്ചലാവസ്ഥയിലായിരുന്നു. തുടർന്ന് ലോക്ക് ഡൗണിൽ ഇളവുകൾ നൽകുകയും മറ്റ് നഗരങ്ങളെല്ലാം നിയന്ത്രണവിധേയമായി സാധാരണ നിലയിലേക്ക് മാറിയെങ്കിലും ഇരിട്ടി നഗരം ഇത് തുടർച്ചയായി അടച്ചിടുന്നത് നാലാം തവണയാണ്. വിശാലമായി പരന്നുകിടക്കുന്ന നഗരം ഉൾപ്പെടുന്ന ഒൻപതാം വാർഡിൽ ഏതെങ്കിലും ഒരു മൂലയിൽ ഒരു കോവിഡ് രോഗി ഉണ്ടാകുന്നതോടെ നഗരം മുഴുവൻ അടച്ചിടുന്ന അവസ്ഥയാണ് ഇന്ന്. നഗരവുമായി ഇവർക്ക് സമ്പർക്കമില്ലെങ്കിൽ കൂടി ഇതുതന്നെയാണ് അവസ്ഥ. ജാഗ്രതാ മുന്നറിയിപ്പ് നൽകി കർശന നിയന്ത്രണങ്ങളോടെ വ്യാപാര സ്ഥാപനങ്ങൾ തുറന്നുകൊടുക്കുന്നതിനു പകരം എല്ലാം അടച്ചുപൂട്ടിക്കുന്ന ജില്ലാ ഭരകൂടത്തിന്റെ നടപടി അന്നന്നത്തെ ആഹാരത്തിന് വക കണ്ടെത്തുന്നവർ ഉൾപ്പെടുന്ന നിരവധി കച്ചവടക്കാർ ഉള്ള ഇരിട്ടിയിലെ വ്യാപാരി സമൂഹത്തോട് ചെയ്യുന്ന കടുംകൈ ആണെന്നാണ് വ്യാപാരികൾ പറയുന്നത്. കോവിഡ് രോഗി ഉണ്ടാകുമ്പോൾ രോഗിയുടെ വീട് ഉൾപ്പെടുന്ന പ്രദേശം മാത്രം കണ്ടെയ്‌ൻമെൻറ് സോണാക്കി നിയന്ത്രണം ഏർപ്പെടുത്തുന്നതിന് പകരം നഗരം മുഴുവൻ അടച്ചിടുന്ന നടപടി ഉടൻ പിൻവലിക്കണം. ഇല്ലെങ്കിൽ കടക്കെണിയിലായ വ്യാപാരികൾ ആത്മഹത്യ ചെയ്യുന്ന അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും വ്യാപാരി നേതാക്കൾ പറഞ്ഞു. ഇത് കോവിഡിനെക്കാൾ ഭീകരമായ അവസ്ഥയാണ് സൃഷ്ടിക്കുക എന്നും ഇവർ പറഞ്ഞു. ഇതിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് ആവശ്യമായ നിയമ പരിരക്ഷ നൽകി തകർന്നടിഞ്ഞ വ്യവസായ മേഖല രക്ഷപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ഇരിട്ടിയിലെ വ്യാപാരികളുടെ സംയുക്ത സമിതി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായമന്ത്രി ഇ.പി. ജയരാജൻ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവർക്ക് കഴിഞ്ഞ ആഴ്ച നിവേദനവും നൽകിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading