കണ്ണൂർ സ്വദേശികൾ സിനിമാ സ്റ്റൈലില്‍ മോഷ്ടാക്കളെ പിടിച്ച് ഒമാനില്‍  താരമായി

ഒമാനില്‍ സിനിമാ സ്റ്റൈലില്‍ മോഷ്ടാക്കളെ പിടികൂടി താരമായി കണ്ണൂർ സ്വദേശികൾ. മോഷണശ്രമം തടയുകയും

സ്വദേശികളായ രണ്ട് പ്രതികളില്‍ ഒരാളെ ഓടിച്ചിട്ട് പിടികൂടുകയും ചെയ്ത മലയാളികള്‍ക്ക് റോയല്‍ ഒമാന്‍ പൊലീസിന്റെ ആദരം. മക്ക ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ കണ്ണൂര്‍ സ്വദേശി റഈസ്, കണ്ണൂര്‍ തില്ലേങ്കരി സ്വദേശി നൗഷാദ്, കോഴിക്കോട് വടകര സ്വദേശി രാജേഷ് എന്നിവരെയാണ് റോയൽ ഒമാൻ പോലീസ് ആദരിച്ചത്. ബാത്തിന ഗവര്‍ണറേറ്റിലെ പൊലീസ് മേധാവി ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ ഗൈലാനി ഇവര്‍ക്ക് ഉപഹാരങ്ങള്‍ കൈമാറി. കുറ്റകൃത്യം തടയുന്നതിന് പങ്കുവഹിച്ചതിനാണ് ഇവരെ ആദരിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്ററില്‍ അറിയിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിന് ഇവര്‍ പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കുകയും ചെയ്തു.തര്‍മത്തിലെ മക്ക ഹൈപ്പര്‍മാര്‍ക്കറ്റില്‍ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് മോഷണ ശ്രമം നടന്നത്. താഴത്തെ നിലയിലെ പ്രധാന വാതിലിന്റ പൂട്ട് പൊട്ടിച്ചാണ് പ്രതികള്‍ അകത്തുകയറിയത്. പിറ്റേ ദിവസത്തേക്ക് സാധനങ്ങള്‍ ഒരുക്കിവെക്കുന്ന ഡ്യൂട്ടിയായിരുന്നു റഈസിനും നൗഷാദിനും രാജേഷിനും. കടയുടെ പിന്‍ഭാഗത്ത് ജോലിചെയ്തുകൊണ്ടിരുന്ന ഇവര്‍ ശബ്ദം കേട്ട് മുന്‍വശത്തേക്ക് എത്തിയപ്പോഴാണ് മോഷ്ടാക്കളെ കണ്ടത്. കടയില്‍ ആളുണ്ടെന്ന് കണ്ട മോഷ്ടാക്കള്‍ മുന്‍വശത്തെ വാതിലിന്റ ചില്ല് ഇടിച്ചുപൊട്ടിച്ച് പുറത്തേക്ക് ചാടിയോടി. പിന്നാലെയോടിയ മൂവരും പ്രതികളില്‍ ഒരാളെ സാഹസികമായി പിടികൂടി. ഇതിനിടെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുകയും
പിടിയിലായയാളില്‍നിന്ന് ലഭിച്ച വിവരമനുസരിച് രണ്ടാമനെ അറസ്റ്റ് ചെയ്യുകയും ചെയ്തു . കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് തര്‍മത്ത് മക്ക ഹൈപ്പര്‍മാര്‍ക്കറ്റില്‍ മോഷണശ്രമം നടക്കുന്നത്. ഒരു തവണ പണം നഷ്ടപ്പെട്ടിരുന്നു. തുടര്‍ച്ചയായ മോഷണശ്രമങ്ങള്‍ മുന്‍നിര്‍ത്തി ജോലിയിലുണ്ടായിരുന്ന ജീവനക്കാരും ജാഗ്രതയിലായിരുന്നതിനാലാണ് മോഷണശ്രമം തടയാനും പ്രതികളെ പിടികൂടാനും സാധിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: