ജലന്ധർ ബിഷപ്പിനെതിരായ കേസ് ഇന്ന് ഹൈക്കോടതിയിൽ; അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കും

കൊച്ചി: ജലന്ധർ ബിഷപ്പിനെതിരായ കേസിൽ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാര്‍ കോടതിയില്‍

സമര്‍പ്പിക്കും. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജികളും ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും. അതിനിടെ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന പ്രക്ഷോഭം ആറാം ദിനത്തിലേക്ക് കടന്നു.
മൊഴികളിൽ വൈരുധ്യമെന്ന് ഐ.ജി; 19ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പിന് നോട്ടീസയച്ചു
റേഞ്ച് ഐ.ജി വിജയ് സാക്കറേയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന വിശദമായ യോഗത്തിനൊടുവിലാണ് കേസിന്റെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് പ്രോസിക്യൂഷന് കൈമാറിയത്. കേസിലെ കാലപ്പഴക്കവും ശാസ്ത്രീയ തെളിവുകളുടെ അഭാവവും അന്വേഷണത്തില്‍ കാലതാമസമുണ്ടാക്കുന്നതായി പൊലീസ് കോടതിയെ അറിയിക്കും.19ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് നല്‍കിയ വിവരവും ധരിപ്പിയ്ക്കും.കോടതി മേല്‍ നോട്ടത്തില്‍ അന്വേഷണം നടത്തുക, ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുക തുടങ്ങിയ ആവശ്യങ്ങളാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ഉന്നയിച്ചിരിയ്ക്കുന്നത്.

കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിച്ചേക്കും. നിയമ നടപടികള്‍ പുരോഗമിയ്ക്കുമ്പോഴും ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള കന്യാസ്ത്രീകളുടെ പ്രക്ഷോഭം മറൈന്‍ ഡ്രൈവില്‍ തുടരുകയാണ്.ജോയിന്റെ ക്രിസ്ത്യന്‍ കൗണ്‍സിലിനൊപ്പം സാമൂഹിക, സാംസ്‌കാരിക, സിനിമാ മേഖലകളിലെ നിരവധി പ്രമുഖരാണ് സമരപ്പന്തലിലെത്തി കന്യാസ്ത്രീകള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിയ്ക്കുന്നത്. കൊച്ചിയ്‌ക്കൊപ്പം തിരുവനന്തപുരമടക്കം സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും പ്രതിഷേധ സമരങ്ങൾ വ്യാപിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: