എലിപ്പനി; ജാഗ്രത പാലിക്കണം- ഡി എം ഒ

കണ്ണൂർ:ജില്ലയിലെ ചില പ്രദേശങ്ങളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കള്‍ ശരീരത്തിലെ മുറിവുകള്‍ വഴി മനുഷ്യരിലേക്ക് പകര്‍ന്നാണ് എലിപ്പനിയുണ്ടാകുന്നത്. ക്ഷീണത്തോടെയുള്ള പനി, തലവേദന, പേശിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രത്തിന്റെ അളവില്‍ കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം.

ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍, ഓട്, തോട്, കനാല്‍ കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ തുടങ്ങിയവ വൃത്തിയാക്കുന്നവര്‍, വയലില്‍ പണിയെടുക്കുന്നവര്‍ എന്നിവരിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. മലിന ജലവുമായി സമ്പര്‍ക്കമുള്ളവരും ഉണ്ടാവാന്‍ സാധ്യതയുള്ളവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം കഴിക്കണം. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഇത് സൗജന്യമായി ലഭിക്കും.

ശുചീകരണം, മൃഗപരിപാലനം പോലുള്ള ജോലികള്‍ ചെയ്യുന്നവര്‍ കൈയ്യുറകളും കട്ടിയുള്ള റബ്ബര്‍ ബൂട്ടുകളും ഉപയോഗിക്കുക, പട്ടി,പൂച്ച തുടങ്ങിയ ജീവികളുടെയും കന്നുകാലികളുടെയും മലമൂത്രാദികള്‍ എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക, കന്നുകാലിത്തൊഴുത്തിലെ മൂത്രം ഒലിച്ചിറങ്ങി വെള്ളം മലിനമാകാതെ നോക്കുക, കുടിവെള്ളവും ആഹാര സാധനങ്ങളും മൂടിവെക്കുക, മുറിവുള്ളപ്പോള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ കളിക്കുന്നത് തടയുക, ഭക്ഷ്യ സാധങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലികളെ ആകര്‍ഷിക്കാതിരിക്കുക, വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക തുടങ്ങി എലിപ്പനി വരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും പൊതുജനങ്ങള്‍ സ്വീകരിക്കണമെന്നും ഡിഎംഒ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: