ഇരിട്ടി ടൗൺ വികസനം റവന്യൂ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കേണ്ട സ്ഥലങ്ങൾ അളന്ന് അടയാളപ്പെടുത്തി

ഇരിട്ടി : തലശ്ശേരി- വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി ടൗണിലെ വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തികൾ ആരംഭിച്ചു. പുതിയ പാലം വരുന്നതോടെ റോഡിലെ അലൈന്മെന്റിൽ വലിയ മാറ്റം വരും. ഇതിനായി ടൗണിലെ റവന്യൂ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള ശ്രമമാണ് ആരംഭിച്ചത്. ഇത്തരം കയ്യേറിയ ഭാഗങ്ങൾ കെ എസ് ടി പി , റവന്യൂ , സർവകക്ഷി , വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ അളന്ന് മാർക്ക് ചെയ്തു.

മുൻപ് നടന്ന റവന്യൂ – കെ എസ് ടി സർവേയിൽ ടൗണിൽ ഇരിട്ടി പാലം മുതൽ പയഞ്ചേരിവരെ നിരവധി കയ്യേറ്റങ്ങൾ കണ്ടെത്തിയിരുന്നു. ഈ കാര്യങ്ങൾ കഴിഞ്ഞ ആഴ്ച നടന്ന വ്യാപാരി സംഘടനകളുടെയും സർവകക്ഷി പ്രതിനിധികളുടെയും മറ്റും യോഗത്തിൽ റവന്യൂ , കെ എസ് ടി പി – നഗരസഭാ അധികൃതർ വിശദീകരിച്ചിരുന്നു. അന്നത്തെ തീരുമാനപ്രകാരമാണ് തിങ്കളാഴ്ച എല്ലാവരും സംയുക്തമായി കെട്ടിട ഉടമകളെയും വ്യാപാരികളെയും പങ്കെടുപ്പിച്ചുകൊണ്ട് ടൗണിലെ റവന്യൂ ഭൂമി കയ്യേറി നിർമ്മിച്ച കെട്ടിടങ്ങളും മറ്റു നിർമ്മിതികളും അളന്ന് മാർക്ക് ചെയ്തത്.

ടൗണ്‍ വികസനത്തിന് ഉപയോഗിക്കേണ്ട സ്ഥലത്ത് നിലവിലുള്ള കെട്ടിടങ്ങളുടെ മുന്‍വശം കൂട്ടി നിര്‍മ്മിച്ച് പലരും വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയത്. കയ്യേറിയ സ്ഥലം ഏറ്റെടുക്കാതെ കെ.എസ്.ടി.പി.റോഡ് വികസനത്തിന്റെ ഭാഗമായുള്ള നഗരവികസനം സാധ്യമാകില്ലെന്ന് കണ്ടെത്തിയതോടെയാണ് കയ്യേറ്റം ഒഴിപ്പിക്കാനുള്ള പ്രവര്‍ത്തനവുമായി അധികൃതര്‍ മുന്നോട്ടുപോയത്.

നേരത്തെ സര്‍വ്വെ വിഭാഗം കണ്ടെത്തി അടയാളപ്പെടുത്തിയ ഭാഗത്ത് സംശയം പ്രകടിപ്പിച്ച കെട്ടിട ഉടമകള്‍േക്കും വ്യാപാരികള്‍ക്കും റവന്യു റെക്കോഡ് പ്രകാരമുള്ള സ്ഥലത്തിന്റെ മാപ്പ് സഹിതം തഹസില്‍ദാര്‍ കെ.കെ. ദിവാകരനും താലൂക്ക് സര്‍വ്വെ വിഭാഗം ഉദ്യേഗസ്ഥരും സ്ഥലത്തിന്റെ ഘടന വിശദീകരിച്ചു കൊടുത്തു. പരിശോധനക്ക്് താലൂക്ക് ഹെഡ് സര്‍വ്വെയര്‍ ടി.പി.മുഹമ്മദ്ഷരീഫ്, സര്‍വ്വെയര്‍ ബി.കെ. സുരേഷ്, കെ.എസ്.ടി.പി.എഞ്ചിനീയർ കെ.വി.സതീശന്‍, നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍ ,ജില്ലാ പഞ്ചയാത്ത് അംഗം തോമസ് വര്‍ഗീസ്,വ്യാപാരി പ്രതിനിധികളായ റെജിതോമസ്, കെ.അബ്ദുറഹ്മാന്‍,കുഞ്ഞിമൂസ്സഹാജി,പി.കെ.മുസ്തഫഹാജി, ഹാഷിം,രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളായ കെ.ശ്രീധരന്‍, അഡ്വ.ബിനോയ്കുര്യന്‍, പായംബാബുരാജ്, കെ. മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു. ഓണം കഴിയുന്നതോടെ കയ്യേറിയ സ്ഥലത്തെ നിർമ്മിതികൾ ഉടമകൾ സ്വമേധയാ പൊളിച്ചു നീക്കണം .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: