35 ഓളം സി സി ടി വി പരിശോധിച്ചു അഞ്ച് ദിവസത്തിനുള്ളിൽ മാല മോഷ്ടാവ് പിടിയിൽ

ശ്രീകണ്ഠാപുരം: കടയില്‍ സാധനം വാങ്ങാനെത്തി വ്യാപാരിയായ സ്ത്രീയുടെ മാല കവര്‍ന്ന് പ്രതിയെ നിരീക്ഷണ കാമറയുടെ സഹായത്തോടെ അഞ്ച് ദിവസത്തിനുള്ളില്‍ പിടികൂടി. ശ്രീകണ്ഠാപുരം കാഞ്ഞിലേരിയിലെ ടാപിങ് തൊഴിലാളിയായ തേക്കിലാക്കാട്ടില്‍ ജോസി(54)നെയാണ് ഇന്‍സ്‌പെക്ടര്‍ ഇ.പി സുരേശന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കാഞ്ഞിലേരി ബാലങ്കരി പൊതുജന വായനശാല കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടയിലെ വ്യാപാരി താഴത്തു വീട്ടില്‍ യശോധ(65)യുടെ രണ്ട് പവന്റെ മാലയാണ് കവര്‍ന്നത്. സ്‌കൂട്ടിയില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ ഇയാള്‍ ആദ്യം സിഗരറ്റ് വാങ്ങുകയും പിന്നീട് വെള്ളം ആവശ്യപ്പെടുകയും ചെയ്യുന്നതിനിടെ ചുറ്റും നോക്കിയ ശേഷം സ്ത്രീയുടെ കഴുത്തിലെ രണ്ട് പവന്റെ മാല ഊരിയെടുത്ത് സ്‌കൂട്ടിയില്‍ രക്ഷപ്പെടുകയായിരുന്നു. ബഹളം വച്ച് ആളുകള്‍ എത്തുമ്പോഴെക്കും പ്രതി അമിതവേഗത്തില്‍ വണ്ടിയുമായി രക്ഷപ്പെട്ടു. പരാതിയില്‍ കേസെടുത്ത പോലിസ് പ്രദേശത്തെ കെട്ടിടങ്ങളിലും വീടുകളിലും സ്ഥാപിച്ച 35 ഓളം നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതില്‍ രണ്ടെണ്ണത്തില്‍ സ്‌കൂട്ടര്‍ നമ്പര്‍ വ്യക്തമായി കണ്ടെത്താന്‍ കഴിഞ്ഞതോടെ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. മോഷ്ടിച്ച മാല പ്രതി ചെമ്പേരിയിലെ സ്വകാര്യ ഫൈനാന്‍സ് കമ്പനിയില്‍ പണയം വച്ച് പണം കൈപറ്റിയതായും ഇയാള്‍ സമ്മതിച്ചു. പ്രതിയുമായി ചെന്ന് സ്ഥാപനത്തില്‍ നിന്നും മാല കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതിയെ പോലിസ് കോടതിയില്‍ ഹാജരാക്കി. തളിപ്പറമ്പ് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. എസ്.ഐ എ.വി ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ സജീവന്‍, സിവില്‍ പോലിസ് ഓഫിസര്‍ രജീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: