വെള്ളൂരിലെ കവർച്ച: പ്രതികളെ തിരിച്ചറിഞ്ഞു

പയ്യന്നൂർ: വെള്ളൂരിലെ സൂപ്പർമാർക്കറ്റിൽ കവർച്ച നടത്തിയവരെ തിരിച്ചറിഞ്ഞു. മറ്റൊരു കേസിലെ പ്രതിയുൾപ്പെടെ മൂന്നുപേരെയാണ്‌ പോലീസ് തിരിച്ചറിഞ്ഞത്‌. ഒളിവിൽ കഴിയുന്ന ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

ഈമാസം രണ്ടിന് രാവിലെയാണ് വെള്ളൂരിലെ ആർ.ടി.ഒ. ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപത്തെ ജെംസ് സൂപ്പർമാർക്കറ്റിൽ കവർച്ച നടന്നത്. രാവിലെ സൂപ്പർ മാർക്കറ്റ് തുറക്കാനെത്തിയപ്പോൾ ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് കവർച്ച നടന്നതായി മനസ്സിലായത്. ഇവിടെ സൂക്ഷിച്ചിരുന്ന 3,000 രൂപയും മൊബൈൽഫോണും ലാപ്‌ടോപ്പ്, കംപ്യൂട്ടർ, സി.പി.യു., ചോക്‌ലേറ്റുകൾ, കോസ്‌മെറ്റിക്‌ ഉത്പന്നങ്ങൾ എന്നിവയാണ് മോഷണം പോയത്.
68,000 രൂപയുടെ നഷ്ടം സംഭവിച്ചതായി സൂപ്പർമാർക്കറ്റ് ഉടമ പോലീസിൽ പരാതി നൽകിയിരുന്നു. പയ്യന്നൂർ പ്രിൻസിപ്പൽ എസ്.ഐ. വി.യദുകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിവന്ന അന്വേഷണത്തിലാണ് കവർച്ചയ്ക്കു പിന്നിലുള്ളവരെ തിരിച്ചറിഞ്ഞത്.

സ്ഥാപനത്തിലെ സി.സി.ടി.വി. പരിശോധിച്ചതിൽനിന്ന് മാസ്ക്‌ ധരിച്ച രണ്ടു യുവാക്കളാണ് കവർച്ചയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. സൂക്ഷ്മപരിശോധനയിൽ മാറിനിന്നിരുന്ന ഒരാളെക്കൂടി കണ്ടെത്തി. മറ്റൊരു കേസിലെ പ്രതിയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് കവർച്ചയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താനായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: