പഴശ്ശി പദ്ധതി പ്രദേശങ്ങളിലെ ടൂറിസ സാദ്ധ്യതകൾ – വിദഗ്ധ സംഘം പരിശോധന നടത്തി

ഇരിട്ടി : താടകസമാനമായി ജലസമൃദ്ധമായ പഴശ്ശി പദ്ധതിയിൽ വെള്ളത്താൽ ചുറ്റപ്പെട്ട് രൂപപ്പെട്ട പച്ചത്തുരുത്തുകൾ കേന്ദ്രീകരിച്ച് ഇക്കോ ടൂറിസം പദ്ധതികൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ഇതിന്റെ പ്രാരംഭ പദ്ധതികൾ രൂപപ്പെടുത്തുന്നതിനായി വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ചു. എം എൽ എ കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംഘമാണ് പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചത്.
പഴശ്ശിയിൽ ഫുൾ റിസർവോയർ ലെവലിൽ വെള്ളമുയർത്തിയാലും വെള്ളം കയറാത്ത നൂറുകണക്കിന് ഏക്കർ പ്രദേശങ്ങൾ ഇരിട്ടി നഗരസഭ, പായം , പടിയൂർ പഞ്ചായത്തുകളിലായുണ്ട്. ഏക്കർകണക്കിന് വിസ്തൃതിയുള്ള വെള്ളത്താൽ ചുറ്റപ്പെട്ട പ്രകൃതി മനോഹരമായ മൂന്നോളം പച്ചത്തുരുത്തുകളും ഇവിടങ്ങളിൽ ഉണ്ട്. ഈ പ്രദേശങ്ങളെയെല്ലാം കൂട്ടിയിണക്കി കുട്ടികളുടെ പാർക്കുകളും സസ്യ സംരക്ഷണ പ്രവർത്തനങ്ങളും ഔഷധ തോട്ടങ്ങളും ഉൾപ്പെടെ നടപ്പാക്കുന്ന പദ്ധതിയാണ് ആലോചിക്കുന്നത്. കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെടുത്തി ന്യൂസിൽ വിശദമായ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ആഭ്യന്തര ടൂറിസത്തിന് പ്രാധാന്യം നൽകുന്ന പദ്ധതികൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പഴശ്ശി പദ്ധതി പ്രദേശത്തെ സാധ്യതകൾ പരമാവധി പ്രയോജന പ്പെടുത്താനുള്ള പദ്ധതികളാണ് ആലോചനയിൽ.
പഴശ്ശി പദ്ധതിയുടെ അധീനതയിലുള്ളതും വെളളം കയറാത്തതുമായ മൂന്ന് തുരുത്തുകൾ യോജിപ്പിച്ചുള്ള പദ്ധതിയാണ് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക. അക്കേഷ്യമരങ്ങൾ ഇടതൂർന്ന് വളർന്ന തുരുത്തുകൾ വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്കായി വിട്ടു കിട്ടുന്നതിനായി നടപടിഎടുക്കും . പ്രദേശത്തെ ജലസേചന വകുപ്പിന്റെ ഭൂമിയുടെ വിസ്തൃതി പഞ്ചായത്തിന്റെ നേതൃത്വത്തിൽ അളന്നു തിട്ടപ്പെടുത്തും. ഇതിനു പിന്നാലെ ഇക്കോ ടൂറിസം മേഖലയിലെ വിദഗ്തർ പ്രദേശത്ത് പഠനം നടത്തി പദ്ധതിയുടെ രൂപ രേഖ തെയ്യാറാക്കും. രണ്ട് വർഷത്തെ പഠനത്തിനും വിദഗ്ത അഭിപ്രായത്തിനും ശേഷം സി. രമേശന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കരട് പദ്ധതി രേഖ എം.എൽ.എയും ടൂറിസം വിദ്ഗതരും പരിശോധിച്ചു.
പദ്ധതി പ്രദേശത്തെ അകംതുരുത്ത് ദ്വീപ്, പെരുമ്പറമ്പ് മഹാത്മാഗാന്ധി പാർക്ക്, വള്ള്യാട് സഞ്ജീവിനി വനം എന്നിവയേയും കൂട്ടിയിണക്കിയുള്ള പദ്ധതികളും ഭാവിയിൽ ഉണ്ടാക്കും. പരിസ്ഥിതി സൗഹൃദ റിസോർട്ടുകൾ, കുടിലുകൾ, ഏറുമാടം, തൂക്കുപാലം എന്നിവയും ആദ്യഘട്ടത്തിൽ നടപ്പിലാക്കും. പടിയൂർ, പൂവ്വം മേഖലകളിൽ നിന്നും പദ്ധതി പ്രദേശത്തേക്ക് എത്തുന്നതിനുള്ള റോഡുകളും ഇതോടൊപ്പം ഉണ്ടാക്കും.എം എൽ എയ്ക്ക് പുറമെ ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയരക്ടർ കെ.സി. പ്രശാന്ത്, ആർക്കിടെക്റ്റ് മധുകുമാർ, ഡി ടി പി സി സെക്രട്ടറി ടി.വി. ശ്രീനിവാസൻ, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീൻ, വൈസ്.പ്രസിഡന്റ്. ആർ.മനി, ഇരിട്ടിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അനിൽ ആലത്തുപറമ്പ്, സി പി എം പടിയൂർ ലോക്കൽ സെക്രട്ടറി പി.ഷിനോജ് , രമേശൻ ചിറമ്മൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

പഴശ്ശി പദ്ധതി പ്രദേശത്തെ പ്രകൃതി ഭംഗി സഞ്ചാരികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ വികസിപ്പിക്കുന്നതിനായി ടൂറിസം , ജലവിഭവ വകുപ്പ് മന്ത്രികളുമായി ചർച്ച നടത്തി സമയബന്ധിതമായി നടപ്പിലാക്കുമെന്നും മേഖലയിലെ സാധ്യത ടൂറിസം ഇപ്പോൾ തന്നെ വകുപ്പിന്റെ ശ്രദ്ധയിൽകൊണ്ടുവന്നിട്ടുണ്ടെന്നും കെ.കെ. ശൈലജ അറിയിച്ചു. മന്ത്രിയെ തന്നെ മേഖലയിൽ കൊണ്ടുവരുന്നതിനും സാധ്യതകൾ വിലയിരുത്തുന്നതിനും നടപടിയുണ്ടാക്കും. ആഭ്യന്തര ടൂറിസത്തിനൊപ്പം വിദേശ സഞ്ചാരികളേയും ആകർഷിക്കുന്നതിനുള്ള പദ്ധതികളാണ് ആലോചനയിലുള്ളതെന്നും പദ്ധതിക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം എൽ എ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: