പയഞ്ചേരി മുക്ക് റോഡുയർത്തൽ പ്രവർത്തി – വാഹനയാത്രികർ ദുരിതത്തിൽ

8 / 100

ഇരിട്ടി: കാലവർഷത്തിൽ നിത്യേന ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാനായി പയഞ്ചേരി മുക്കിൽ നടക്കുന്ന റോഡുയർത്തൽ പ്രവർത്തി ഇതുവഴിയുള്ള വാഹനയാത്രക്കാരെയും കാൽനട യാത്രികരെയും ദുരിതത്തിലാക്കുകയാണ്. മേഖലയിൽ ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴയും പ്രാഥമിക ഘട്ടത്തിൽ നടത്തേണ്ട പണികൾ ഇഴഞ്ഞു നീങ്ങുന്നതും കൃത്യമായി പൂർത്തീയാക്കാത്തതുമാണ് ഗതാഗതം ദുരിതത്തിലും അപകടത്തിലുമാക്കിയത്. കൊറോണാ വ്യാപന കാലഘട്ടത്തിൽ പ്രോട്ടോക്കോൾ മറികടന്ന് രക്ഷാ പ്രവർത്തനമെന്ന നിലയിൽ ചെളിയിൽ താഴുന്നവരെ പിടിച്ചുകയറ്റേണ്ട ഗതികേടിലാണ് ഇവിടുത്തെ കച്ചവടക്കാരും പ്രദേശവാസികളും.

മുൻ കാലങ്ങളിൽ പെയ്യുന്ന ഓരോ മഴയും പയഞ്ചേരിമുക്കിനെ വെള്ളക്കെട്ട് മൂലം ദുരിതത്തിലാക്കിയിരുന്നു. നിരവധി തവണ ഇവിടെ റോഡരികിൽ പ്രവർത്തിക്കുന്ന ബ്ലോക്ക് ഓഫീസും വെള്ളത്തിൽ മുങ്ങി നാശനഷ്ടം സംഭവിച്ചിരുന്നു. ഇതിന് പരിഹാരം എന്ന നിലയിലാണ് ജനപ്രതിനിധികളും റവന്യു അധികൃതരും മരാമത്ത് അധികൃതരും കൈകോർത്ത് 1 കോടി രൂപയുടെ നവീകരണ പദ്ധതി നടപ്പാക്കുന്നത്. തലശ്ശേരി- കൂട്ടുപുഴ അന്തര്സംസ്ഥാന പാതയിൽ നിന്നും സ്‌കൈ ആശുപത്രി വരെയുള്ള 330 മീറ്റർ ദൂരത്തിനിടയിൽ 2 കലുങ്കുകൾ പണിതും ഓവുചാലുകളുടെ ആഴം വർധിപ്പിച്ചും റോഡ് ഉയർത്തിയുമാണ് നവീകരണം നടക്കുന്നത് . 40 സെന്റീമീറ്റർ മുതൽ 1.4 മീറ്റർ വരെയാണ് റോഡ് ഉയർത്തുന്നത്.

കലുങ്കുകളും ഓവുചാലും പണിയുകയും റോഡിൽ മണ്ണിട്ട് ഉയർത്തുകയും ചെയ്‌തെങ്കിലും ഗതാഗതം സുഗമമാക്കുന്നത്തിനുള്ള സാഹചര്യം ഉണ്ടാക്കാതെ കരാറുകാർ പിൻമാറിയതാണ് ഇപ്പോൾ ദുരിതമായി മാറിയിരിക്കുന്നത് . മണ്ണിട്ട ശേഷം വലിയ ബോളറുകൾ നിരത്തുകയും കുറച്ച് കരിങ്കൽ ക്വാറി മാലിന്യം ഇടുകയും മാത്രമാണ് ചെയ്തത്. കാൽനടയാത്രക്കാർ കടന്നു പോകുന്ന ഭാഗം മണ്ണ് പോലും ആവശ്യത്തിന് ഇട്ടിട്ടില്ല. മഴ പെയ്‌തോടെ റോഡ് ചെളിക്കുളമായി. വാഹനങ്ങൾ കടന്നുപോകാൻ അരികിലേക്ക് മാറി നിൽക്കുന്ന കാൽനടയാത്രക്കാർ ചെളിയിൽ താഴ്ന്നു പോകുന്നത് സ്ഥിരം കാഴ്ചയാണ്. റോഡിലെ വലിയ കുഴികളിൽ വീണ് വാഹനങ്ങൾക്ക് കേടുപറ്റുന്നതും സ്ഥിരമാണ്. ഇനി മഴ കഴിഞ്ഞു മാത്രമേ ടാറിംങ്ങ് നടത്തുകയുള്ളൂ എന്നാണ് അധികൃതർ പറയുന്നത്. ജി എസ്ബി നിറച്ച് റോഡ് റോളർ കയറ്റി ബലപ്പെടുത്തിയിരുന്നെങ്കിൽ ഈ ദുരവസ്ഥ ഉണ്ടാകില്ലായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. ലോക്ക് ഡൗൺ കാലത്ത് തന്നെ പ്രത്യേക അനുമതി വാങ്ങിയാണ് പണി ആരംഭിച്ചത്. എന്നാൽ ആരംഭിച്ചെങ്കിലും സമയബന്ധിതമായി പണി നടത്തിയില്ല എന്നാണ് പരാതി. ദിവസവും രാവെന്നോ പകലെന്നോ ഇല്ലാതെ ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാതകൂടിയാണ് ഇത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: