കോവിഡ് കാലത്തും തലയുയര്‍ത്തി പൊതുവിദ്യാലയങ്ങള്‍

കോവിഡ് 19 ന്റെ വ്യാപനം ഭൂരിഭാഗം മേഖലകളെയും  തളര്‍ത്തുമ്പോഴും  ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥി പ്രവാഹം. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത് സ്വകാര്യസ്ഥാപനങ്ങളെ കൈയ്യൊഴിഞ്ഞ് പൊതുവിദ്യാലയങ്ങളിലേക്ക് വരുന്നവര്‍ നിരവധി. 
അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും  കുട്ടികളെ കൂട്ടത്തോടെ പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റി ചേര്‍ക്കുകയാണ്. ഇതുവരെയായി 11385 കുട്ടികളാണ് 2 മുതല്‍ 10 വരെ ക്ലാസില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഉപേക്ഷിച്ച് പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായത്. ഇപ്പോഴും പ്രവേശനം തുടരുകയാണ്.
ഒന്നാം ക്ലാസില്‍ വര്‍ഷം ഇതുവരെ 24527 പേര്‍ ചേര്‍ന്നു. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാണിത്.  നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പ്രവേശനം നേടാന്‍ ബാക്കിയുണ്ട്. 
കോവിഡ് കാലം തൊഴില്‍, സാമ്പത്തിക മേഖലകളില്‍ വരുത്തിയ സമ്മര്‍ദ്ദവും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രവര്‍ത്തനങ്ങളുമാണ് പൊതുവിദ്യാലയങ്ങളിലേക്ക് രക്ഷിതാക്കളെ ആകര്‍ഷിക്കുന്നത്.  ഹൈടെക്ക് സംവിധാനത്തിലൂടെ  അക്കാദമികവും ഭൗതികവുമായ മുന്നേറ്റങ്ങളും വിദ്യാര്‍ഥികളെ പൊതുവിദ്യാലയങ്ങളിലേക്കെത്തിച്ചു.  കോവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനപരിപാടികള്‍   പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരം ബോധ്യപ്പെടുത്തി. 
കഴിഞ്ഞ വര്‍ഷങ്ങളില്‍ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിയ ഹലോ ഇംഗ്ലീഷ്, ഗണിതവിജയം, മലയാളത്തിളക്കം, സുരീലിഹിന്ദി തുടങ്ങിയ പ്രത്യേക പരിപാടികള്‍, പഠനോത്സവങ്ങള്‍ തുടങ്ങിയവയിലൂടെ പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്രമാറ്റങ്ങള്‍ പൊതുജനങ്ങള്‍ക്കിടയിലേക്കെത്തി. ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലേക്കുള്ള ഫസ്റ്റ്‌ബെല്‍, ഭിന്നശേഷിക്കാരായവര്‍ക്കുള്ള വൈറ്റ്‌ബോര്‍ഡ്, പ്രീപ്രൈമറി കുട്ടികള്‍ക്കുള്ള പ്രശിക്ഷ എന്നീ ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാക്കിയത് വലിയ മാറ്റങ്ങളാണ്. പാഠപുസ്തകവിതരണം, ഭക്ഷണകിറ്റ് വിതരണം, കുറ്റമറ്റ രീതിയിലുള്ള എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും പൊതുവിദ്യാലയങ്ങളുടെ മികച്ച നേട്ടങ്ങളായി. 
സെക്കണ്ടറി വിദ്യാലയങ്ങളോടൊപ്പം പ്രൈമറി വിദ്യാലയങ്ങളും ഹൈടെക്ക് ആയി. പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവായി അക്ഷരവൃക്ഷം, ക്യാന്‍വാസ് തുടങ്ങിയ ഡിജിറ്റല്‍ സാഹിത്യസമാഹാരങ്ങള്‍ മാറി. 
ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഇ-ക്ലാസ് ചാലഞ്ച് ഈ രംഗത്ത് ഉണ്ടാക്കിയത് വലിയ മാറ്റങ്ങളാണ്. സ്‌പോണ്‍സര്‍ഷിപ്പിലൂടെ 2288 ടെലിവിഷന്‍ സെറ്റുകളും  ലാപ്‌ടോപ്പ്, ടാബ്, സ്മാര്‍ട്‌ഫോണ്‍ എന്നിവയും നല്കി. കൂടാതെ കേബിള്‍, ഡി.ടി.എച്ച് കണക്ഷന്‍, വൈദ്യുത കണക്ഷന്‍ തുടങ്ങിയവയും  ഏര്‍പ്പാടാക്കി. മലയോര, തീരദേശ മേഖലകളില്‍ പ്രത്യേക പാക്കേജിലൂടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാക്കിയതും വലിയ വിജയമായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: