കണ്ടോണ്‍മെന്റ് ഏരിയയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു,16 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ ഏഴു വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും

കണ്ടോണ്‍മെന്റ് ഏരിയയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതുപ്രകാരം സര്‍ക്കാര്‍ ഓഫീസുകള്‍, മില്‍മ ബൂത്തുകള്‍, പാചകവാതകം, പത്രം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍,  ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ലാബുകള്‍ തുടങ്ങിയ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിടും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന പലചരക്ക് കടകള്‍, ബേക്കറി, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മില്‍ക്ക് ബൂത്തുകള്‍ എന്നിവ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ പ്രവര്‍ത്തിക്കാം.

കണ്ടെയിന്‍മെന്റ് ഏരിയയില്‍ താമസിക്കുന്നവര്‍ പുറത്തിറങ്ങി നടക്കാന്‍ പാടില്ലെന്നും പ്രദേശത്തു നിന്ന് പുറത്തേക്കും അകത്തേക്കും യാത്ര അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. കണ്ടോണ്‍മെന്റ് ഏരിയയില്‍ കര്‍ശനമായ രാത്രികാല കര്‍ഫ്യൂ ഉണ്ടായിരിക്കും. ഡിഎസ്‌സി ഉദ്യോഗസ്ഥര്‍ പ്രദേശം വിട്ട് പുറത്ത് പോകുന്നില്ലെന്ന് ഡിഎസ്‌സി സ്റ്റേഷന്‍ കമാന്‍ണ്ടന്റ് ഉറപ്പ് വരുത്തേണ്ടതാണ്.  മെഡിക്കല്‍ സഹായത്തിനായി ഡിഎസ്‌സി ഉദ്യോഗസ്ഥര്‍ മിലിട്ടറി ആശുപത്രിയുടെ കമാന്‍ഡിങ് ഓഫീസറുമായി ബന്ധപ്പെട്ട് വേണ്ട സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം, ഐപിസി എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

അതിനിടെ, പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ 16 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ 16-ാം ഡിവിഷന്‍, കോളയാട്- 8, 10, പാട്യം- 17,  കടമ്പൂര്‍- 7, മട്ടന്നൂര്‍- 31, തലശ്ശേരി- 28, മൊകേരി- 10, 14, അഞ്ചരക്കണ്ടി- 4, കൂത്തുപറമ്പ- 1, ചിറ്റാരിപറമ്പ- 3, പന്ന്യന്നൂര്‍- 1, മാങ്ങാട്ടിടം- 9, ചൊക്ലി- 4, രാമന്തളി- 13 വാര്‍ഡുകള്‍ എന്നിവയാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക.

ഇതിനു പുറമെ, സമ്പര്‍ക്കം മൂലം കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുന്നോത്ത്പറമ്പ്- 15, ചിറ്റാരിപ്പറമ്പ്-3, പാനൂര്‍- 35, കോളയാട്- 8, അഞ്ചരക്കണ്ടി- 4, കൂത്തുപറമ്പ- 1, ചൊക്ലി- 4 എന്നീ വാര്‍ഡുകള്‍ കൂടി  പൂര്‍ണമായും അടിച്ചിടാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇതോടൊപ്പം കണ്ടോണ്‍മെന്റ് ബോര്‍് ഏരിയയിലെ മുഴുവന്‍ വാര്‍ഡുകളും പൂര്‍ണമായും അടച്ചിടും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: