കൊവിഡ്; തദ്ദേശ സ്ഥാപന പദ്ധതികളില്‍ കാലാനുസൃത മാറ്റം വേണം- മുഖ്യമന്ത്രി

ജില്ലാ പഞ്ചായത്തിന്റെ നാല് പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു 
കൊവിഡ് സാഹചര്യത്തില്‍ പദ്ധതി ആസൂത്രണത്തില്‍ കാലാനുസൃതമായ മാറ്റം വരുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ജില്ലാ വികസന കേന്ദ്രം കെട്ടിടത്തില്‍ നിര്‍മ്മിച്ച ഡിജിറ്റല്‍ മീറ്റിങ്ങ് ഹാള്‍, റസിഡന്‍ഷ്യല്‍ ബ്ലോക്ക്, നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍, റെക്കോര്‍ഡ് റൂം എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികളില്‍ കോവിഡ് പ്രതിരോധത്തിന് മുന്‍ഗണന നല്‍കണം. അതോടൊപ്പം കാര്‍ഷിക മേഖലയില്‍ ശക്തമായ ഇടപെടല്‍ നടത്താനും തയ്യാറാകണം. തീരദേശത്തും മത്സ്യ മേഖലയിലും നല്ല പോലെ ഇടപെടാന്‍ കഴിയുന്നതാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 
കൊവിഡിന്റെ പ്രതികൂല പശ്ചാത്തലത്തിലും തദ്ദേശസ്ഥാപനങ്ങള്‍ക്ക് ശ്രദ്ധേയമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനായെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ക്വാറന്റൈന്‍ സെന്ററുകള്‍ ഒരുക്കുന്നതിലും താമസക്കാര്‍ക്കാവശ്യമായ ഭക്ഷണം ഉള്‍പ്പെടെയുള്ളവ എത്തിക്കുന്നതിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും മികച്ച പ്രവര്‍ത്തനമാണ് തദ്ദേശ സ്ഥാപനങ്ങള്‍ കാഴ്ചവച്ചത്. കൊവിഡ് സൃഷ്ടിക്കാനിടയുള്ള ഭക്ഷ്യക്ഷാമത്തെ നേരിടാന്‍ സര്‍ക്കാര്‍ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതി ഫലപ്രാപ്തിയിലെത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
പദ്ധതി നിര്‍വഹണത്തില്‍ ചരിത്രപരമായ നേട്ടമാണ് കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ നാം കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം പദ്ധതി നിര്‍വഹണം 90 ശതമാനമായിരുന്നു. നിരവധി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 100 ശതമാനം പദ്ധതി വിഹിതം ചെലവഴിക്കാനുമായി. സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിനു മുമ്പു തന്നെ ആസൂത്രണ പ്രക്രിയ പൂര്‍ത്തിയാക്കി പദ്ധതി നിര്‍വഹണത്തിന് 12 മാസം ലഭ്യമാക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ കൊവിഡ് മഹാമാരി തടസ്സമായെന്നും മുഖ്യമന്ത്രി പറഞ്ഞു. 
ജനകീയാസൂത്രണത്തിന് രണ്ട് പതിറ്റാണ്ട് പിന്നിടുകയാണ്. തദ്ദേശ സ്ഥാപനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. പ്രാദേശിക സര്‍ക്കാരുകള്‍ എന്ന നിലയില്‍ മെച്ചപ്പെട്ട അധികാരവും വിഭവവും ഇന്നുണ്ട്. മിഷനുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന വികസന പ്രവര്‍ത്തനങ്ങളെല്ലാം നടപ്പാക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ്. പലതും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. അവയെല്ലാം നല്ല നിലയില്‍ നിര്‍വഹിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു കഴിഞ്ഞു എന്നതിനാലാണ് മിഷനുകള്‍ വലിയ വിജയമായത്. 
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികേന്ദ്രീകൃത ആസൂത്രണത്തെ ശക്തിപ്പെടുത്താന്‍ ജില്ലാ പഞ്ചായത്തിന്റെ പുതിയ സംവിധാനങ്ങള്‍ ഉതകുമെന്ന് മുഖ്യമന്ത്രി പ്രത്യാശിച്ചു. 
കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് ജില്ലാ പഞ്ചായത്ത് അംഗങ്ങളെ മാത്രം പങ്കെടുപ്പിച്ച് ഡിജിറ്റല്‍ മീറ്റിംഗ് ഹാളില്‍ നടന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, വൈസ് പ്രസിഡന്റ് പി പി ദിവ്യ, വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, അംഗങ്ങളായ തോമസ് വര്‍ഗീസ്, കെ നാണു, അന്‍സാരി തില്ലങ്കേരി, ജോയ് കൊന്നക്കല്‍, സെക്രട്ടറി വി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: