കണ്ണൂരിൽനിന്ന് യുഎഇ രാജ്യാന്തര സർവീസ് തുടങ്ങി,യു.എ.ഇ. യാത്ര: കോവിഡ്‌ ടെസ്റ്റിന് തിരക്കേറുന്നു

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന്‌ എയര്‍ ഇന്ത്യാ എക്‌സ്‌പ്രസിന്റെ യുഎഇ രാജ്യാന്തര സർവീസ്‌ തുടങ്ങി. ദുബായിയിലേക്കും അബുദാബിയിലേക്കുമായിരുന്നു ആദ്യദിന സര്‍വീസ്‌. അബുദാബിയിലേക്ക് 19 യാത്രക്കാരും ദുബായിലേക്ക് 48 യാത്രക്കാരുമാണുണ്ടായത്. ദുബായ് വിമാനത്തിൽ 115 പേർ ബുക്കുചെയ്തിരുന്നു. എന്നാൽ എല്ലാ രേഖകളും കൃത്യമായി സമർപ്പിക്കാൻ സാധിക്കാത്തതിനാൽ 67 പേർക്ക് യാത്രാനുമതി ലഭിച്ചില്ല. യുഎഇ സര്‍ക്കാറിന്റെ അനുമതിപത്രവും റീ എന്‍ട്രി സര്‍ട്ടിഫിക്കറ്റും കോവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്കേ യാത്രാ അനുമതി ലഭിക്കൂ. കോവിഡ്‌ ടെസ്‌റ്റ്‌ നെഗറ്റീവായതിന്റെ ഫലം ലഭിച്ച്‌ 96 മണിക്കൂറിനുള്ളില്‍ യുഎഇയില്‍ എത്തുന്ന രീതിയിലാകണം. ക്വറന്റൈനില്‍ കഴിയാമെന്ന സമ്മതപത്രം ഓൺലൈനായി നല്‍കണം. ഇവയെല്ലാം സാധ്യമാകാത്തവർക്കാണ് യാത്രാ അനുമതി ലഭിക്കാഞ്ഞത്. തിങ്കളാഴ്ച ദുബായിലേക്ക് സർവീസുണ്ട്.15, 19 തിയതികളിൽ ഷാർജയിലേക്കും 16, 20, 26 തിയതികളില്‍ ദുബായിലേക്കും പ്രത്യേക സർവീസുണ്ട്‌. യുഎഇയില്‍ സ്ഥിരതാമസമാക്കിയവരും കുടുംബസമേതം കഴിയുന്നവരും നാട്ടില്‍ വന്നശേഷം ലോക്ക്‌ ഡൗണിനെ തുടര്‍ന്ന്‌ തിരിച്ചുപോകാന്‍ സാധിക്കാതെ വന്നിരുന്നു. ഇത്തരം ആളുകള്‍ക്ക്‌ തിരിച്ച്‌ യുഎഇയിലേക്ക്‌ പോകാനാണ് 26 വരെ സർവീസ് അനുവദിച്ചത്. ലോക്ക് ഡൗണിനെതുടര്‍ന്ന്‌ മൂന്ന്‌ മാസത്തിനുശേഷമാണ്‌ കണ്ണൂരില്‍നിന്ന്‌ രാജ്യാന്തര സർവീസ്‌ പുനഃരാരംഭിച്ചത്.

അതേസമയം യു.എ.ഇ.യിലേക്ക്‌ പോകാൻ കോവിഡ്‌ നെഗറ്റീവ്‌ ടെസ്റ്റ്‌ നിർബന്ധമാക്കിയതോടെ ടെസ്റ്റിനായി യാത്രക്കാർ നെട്ടോട്ടം തുടങ്ങി. കോവിഡ്‌ ടെസ്റ്റിനുള്ള സ്വകാര്യ ലാബുകൾ ജില്ലയിൽ ഒന്നോ രണ്ടോ മാത്രമേയുള്ളൂ. മെഡിക്കൽ കോളേജിലും മറ്റു കോവിഡ്‌ സെൻററുകളിലും രോഗലക്ഷണങ്ങൾ ഉള്ളവരുടെ സ്രവം മാത്രമാണ്‌ പരിശോധിക്കുന്നത്‌.

വിദേശത്തേക്കുള്ള യാത്രക്കാർക്ക്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധമാണ്‌. ക്വാറന്റീനിൽ കഴിഞ്ഞവരാണെങ്കിൽ നിശ്ചിതസമയം പൂർത്തിയാക്കിതായുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റും സ്വാബ്‌ ടെസ്റ്റ്‌ നടത്തുമ്പോൾ ഹാജരാക്കണം.

കോവിഡ്‌ പരിശോധനയ്ക്ക്‌ പോകുമ്പോൾ യാത്രക്കാരൻ പാസ്പോർട്ട്‌, വിസയുടെ ആദ്യപേജ്‌, ആധാർ കാർഡ്‌, ഡോക്ടറുടെ കുറിപ്പ്‌, ഐ.സി.എം.ആർ. ഫോം എന്നിവയായിട്ടുവേണം സ്വാബ്‌ പരിശോധനയ്ക്കെത്തേണ്ടത്‌. ഒരാൾക്ക്‌ 2750 രൂപയാണ്‌ പരിശോധാനാഫീസ്‌. 24 മണിക്കൂറിനുള്ളിൽ റിസൽട്ട്‌ നൽകും. നേരത്തേ ലാബിൽ കൊടുത്ത വിവരങ്ങൾ അവർ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അറിയിക്കും. പരിശോധനയിൽ പോസിറ്റീവാണെങ്കിൽ യാത്രക്കാരന്‌ സർട്ടിഫിക്കറ്റ്‌ നേരിട്ടോ അല്ലെങ്കിൽ വെബ്‌സൈറ്റ്‌ വഴിയോ വാങ്ങാം. കോവിഡ്‌ പരിശോധനാഫലം ലഭിച്ച്‌ 96 മണിക്കൂറിനകം യു.എ.ഇ.യിലെത്തുന്ന രീതിയിലാവണം യാത്ര ക്രമീകരിക്കേണ്ടത്‌. കണ്ണൂർ ജില്ലയിൽ രണ്ട്‌ സ്വകാര്യ ലാബുകളിലാണ്‌ കോവിഡ്‌ ടെസ്റ്റ്‌ സൗകര്യമുള്ളത്‌. ഇവിടെയൊക്കെ വലിയ തിരക്കാണുതാനും. യു.എ.ഇ. സർക്കാരിന്റെ മൊബൈൽ ആപ്പിൽ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കിയവർക്ക് മാത്രമാണ് എൻട്രി പെർമിറ്റ് ലഭിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: