ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും : പ്രതികൾക്ക‌് മദ്യക്കമ്പനിയുമായി ബന്ധമെന്ന‌് സൂചന

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎൻപിസി) ഫെയ‌്സ‌്ബുക‌് കൂട്ടായ്മയുടെ അഡ‌്മിൻമാർക്ക‌്

മദ്യക്കമ്പനികളുമായി ബന്ധമുള്ളതായി സൂചന. അഡ‌്മിൻമാരുടെ വീട്ടിലും ചില ബാറുകളിലും നടത്തിയ റെയ‌്ഡിൽ ഇതുമായി ബന്ധപ്പെട്ട ചില രേഖകൾ എക‌്സൈസ‌് അധികൃതർക്ക‌് ലഭിച്ചു. ചില കമ്പനികളുടെ മദ്യം പ്രോത്സാഹിപ്പിക്കാൻ ഗ്രൂപ്പിലൂടെ ശ്രമം നടന്നത‌് ഇതിന്റെ ഭാഗമാണെന്ന‌് വിവരം. ഇതിനായി മദ്യക്കമ്പനികളിൽനിന്ന‌് പണം ലഭിച്ചിട്ടുണ്ടോ എന്നറിയാൻ അഡ്മിൻമാരുടെ ബാങ്ക‌് അക്കൗണ്ട‌് പരിശോധിക്കും. പൊലീസും അഡ്മിൻമാരുടെ ബാങ്ക‌് അക്കൗണ്ട‌് പരിശോധിക്കാൻ കത്ത‌് നൽകി. മതസ‌്പർധയുണ്ടാക്കുന്നതും കുട്ടികളെ അവഹേളിക്കുന്നതുമായ പോസ്റ്റിട്ടവരുടെ യുആർഎൽ വിലാസം ലഭിക്കുന്നതിന് പൊലീസ‌് ഫെയ‌്സ‌്ബുക‌് അധികൃതർക്കും കത്തയച്ചു. അതിനിടെ, അഡ്മിൻമാരായ അജിത്കുമാർ, മറ്റൊരു അഡ്മിൻ ഭാര്യ വിനിത (33) എന്നിവർ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇരുവരും ഒളിവിലാണ് .

ചില കമ്പനികളുടെ മദ്യം പ്രോത്സാഹിപ്പിക്കാൻ റിഡക‌്ഷൻ കൂപ്പൺവരെ ഗ്രൂപ്പിലുള്ളവർക്ക് നൽകിയെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്പനികളുമായി രഹസ്യധാരണയുണ്ടായിരുന്നുവെന്നാണ‌് എക‌്സൈസ‌് സംശയിക്കുന്നത‌്. അജിത്കുമാറിന്റെയും ഭാര്യ വിനിതയുടെയും പേരിൽ എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്കുകളിലുള്ള മൂന്ന‌് അക്കൗണ്ടാണ‌് പരിശോധിക്കുന്നത്. വിനിതയുടെ പേരിൽ രണ്ടും അജിത‌്കുമാറിന്റെ പേരിൽ ഒന്നും അക്കൗണ്ടാണുള്ളത‌്. കൂടുതൽ അക്കൗണ്ടുണ്ടോയെന്നറിയാൻ ആധാർ നമ്പർ ഉപയോഗിച്ച‌് അന്വേഷണം നടത്തുമെന്ന് എക‌്സൈസ‌് ഇൻസ്പെക്ടർ പ്രവീൺ പറഞ്ഞു. സിറ്റി പൊലീസ‌് കമീഷണറുടെ നിർദേശപ്രകാരം ചൊവ്വാഴ‌്ചയാണ‌് നേമം പൊലീസ‌് അജിത്കുമാറിനും വിനിതയ്ക്കുമെതിരെ കേസ‌് രജിസ്റ്റർ ചെയ്തത്. ക്രൈം എസ‌്ഐ സജു ജോസഫിന്റെ നേതൃത്വത്തിലാണ് പൊലീസ‌് അന്വേഷണം. സൈബർസെല്ലിന്റെ സഹായവും പൊലീസ് തേടിയിട്ടുണ്ട‌്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: