കണ്ണൂരിലും തളിപ്പറമ്പിലും തെരുവ് യുദ്ധം, ലാത്തി ചാർജ്, നിരവധി പേർക്ക് പരിക്ക്;
പോലീസ് വ്യൂഹത്തിൽ മുഖ്യ മന്ത്രി തറക്കല്ലിട്ടു

തളിപ്പറമ്പ്. സ്വർണ്ണ കടത്ത് കേസിൽ വിവാദവും പ്രതിഷേധവും കത്തിനിൽക്കെ കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ യുവജന സംഘടനകൾ തടയാനും കരിങ്കൊടി കാണിക്കാനും സംഘടിച്ചെത്തിയതോടെ കണ്ണൂരിലും തളിപ്പറമ്പിലും ഇന്ന് രാവിലെ തെരുവ് യുദ്ധത്തിൻ്റെ പ്രതീതിയായി. കണ്ണൂരിൽ രാവിലെ ഗസ്റ്റ് ഹൗസിൽ എത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും കയ്യാങ്കളിയായി ചിലർക്ക് പരിക്കേറ്റു.തുടർന്ന് കനത്ത പോലീസ് അകമ്പടിയോടെ തളിപ്പറമ്പിലേക്ക് പുറപ്പെട്ട മുഖ്യമന്ത്രിയെ കണ്ണൂർ ഏ കെ ജി ആശുപത്രിക്ക് സമീപം പ്രവർത്തകർ കൂവി വിളിച്ച് കരിങ്കൊടി കാണിച്ചു.ദേശീയപാതയിൽ ഉടനീളം പോലീസിനെ വിന്യസിച്ചിരുന്നുവെങ്കിലും പ്രതിഷേധക്കാരുടെ ശക്തമായ മുന്നേറ്റത്തെ തടയാനായില്ല .തളിപ്പറമ്പകരിമ്പത്ത് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് തുടങ്ങിയതോടെ പോലീസ് ലാത്തിച്ചാർജിന് മുതിർന്നു ജലപീരങ്കി ഉപയോഗിക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.
ലാത്തി ചാർജിൽയൂത്ത് ലീഗ് – യൂത്ത് കോൺഗ്രസ്നേതാക്കളായ ജാബിർ പാട്ടയം, നിസാം മയ്യിൽ, നദീർ ,അനസ് തുടങ്ങി നിരവധി പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ നേതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് വി.രാഹുൽ, സംസ്ഥാന നിർവ്വാഹക സമിതി അംഗം രാഹുൽ ദാമോദർ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അലി മംഗര, തളിപ്പറമ്പ മണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടം തുടങ്ങി 18 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം കില തളിപ്പറമ്പ ക്യാമ്പസ് അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രം – കേരള ഉദ്ഘാടനവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡര്‍ഷിപ്പ് കോളേജിന്റെയും , ഹോസ്റ്റലിന്റെയും ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു
