മിർ മുഹമ്മദ് അലി പടിയിറങ്ങുന്നു…

ഇംഗ്ലിഷിലും മലയാളത്തിലും തമിഴിലും മനോഹരമായി സംസാരിക്കുമെങ്കിലും പ്രസംഗത്തിലൂടെയല്ല, പ്രവൃത്തികളിലൂടെയാണു കലക്ടർ മിർ മുഹമ്മദ് അലി കണ്ണൂരുകാരുടെ മനസ്സിൽ ‍ഇടംപിടിച്ചത്.ഭരണമികവിനു സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ മിടുക്കിനൊപ്പം കൈത്തറി ഷർട്ടും സൈക്കിൾ യാത്രയും തുണിസഞ്ചി വിപ്ലവവുമെല്ലാം കണ്ണൂരിലുണ്ടാക്കിയ ചലനം ചില്ലറയല്ല.ആറളത്തെ കോളനിയിലും വിമാനത്താവളത്തിലും കോളജ് ക്യാംപസുകളിലും പരമ്പരാഗത മേഖലകളിലുമെല്ലാം കൈയ്യൊപ്പിട്ടാണ് കലക്ടർ കണ്ണൂരിനോടു യാത്ര പറയുന്നത്.ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിലാണു ബിരുദം എന്നതിനാൽ മൊബൈൽ ഫോണിലൂടെ ഭരണരംഗത്തു വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാൻ മിർ മുഹമ്മദ് അലി ശ്രമിച്ചു. ജില്ലയിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളെയും അക്ഷയ സെന്ററുകളെയും വിരൽത്തുമ്പിലെത്തിച്ച വീ ആർ കണ്ണൂർ മൊബൈൽ ആപ്പ്,ഇവയുടെയെല്ലാം സ്ഥാനങ്ങൾ ഗൂഗിൾ മാപ്പിൽ അടയാളപ്പെടുത്തി മാപ്പ് മൈ കണ്ണൂർ, മൊബൈലും ആധാറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിക്കുന്ന ട്രൈ ഡി, വ്യാജ വാർത്തകൾക്കെതിരെ നടത്തിയ സത്യമേവ ജയതേ പദ്ധതി, അഴിമതി അലർട്ട്, ഇ ഫയലിങ്, പരമ്പരാഗത ഉൽപ്പന്നങ്ങളെ ഓൺലൈൻ വിപണിയിലെത്തിച്ച പദ്ധതി തുടങ്ങി ഒട്ടേറെ പുതുമകൾ അദ്ദേഹം കണ്ണൂരിനു സമ്മാനിച്ചു.ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ ജനപ്രിയമാക്കുന്നതിലും വലിയ പങ്കുവഹിച്ചു. കണ്ണൂരിന്റെ സൗന്ദര്യം ലോകത്തോടു വിളിച്ചുപറയാൻ കലക്ടർ തന്നെ രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രം അടുത്ത ദിവസം പുറത്തിറങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: