89 പോൾ മൗണ്ടഡ് ഇലക്ട്രിക് വാഹന ചാർജിംഗ് സെൻററുകൾ, രണ്ട് ഫാസ്റ്റ് ചാർജിംഗ് സ്‌റ്റേഷനുകൾ


—————————————————————————————————-
കണ്ണൂർ ജില്ലയിൽ 91 ഇ-വാഹന ചാർജിംഗ് ശൃംഖല മെയ് 16ന് വൈദ്യുതി മന്ത്രി ഉദ്ഘാടനം ചെയ്യും

കെഎസ്ഇബി ഇ-വാഹനങ്ങൾക്കായി ജില്ലയിൽ നിർമ്മാണം പൂർത്തീകരിച്ച 89 പോൾ മൗണ്ടഡ് ഇലക്ട്രിക് വാഹന ചാർജിംഗ് സെൻററുകളും കണ്ണൂർ ടൗൺ, വളപട്ടണം ഫാസ്റ്റ് ചാർജിംഗ് സ്‌റ്റേഷനുകളും മെയ് 16ന് മയ്യിലിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും. ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ച പോൾ മൗണ്ടഡ് ചാർജിംഗ് സെൻററുകൾ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും വേണ്ടിയും ഫാസ്റ്റ് ചാർജിംഗ് സ്‌റ്റേഷനുകൾ നാല് ചക്ര വാഹനങ്ങൾക്ക് വേണ്ടിയുമാണ്. മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ ഇവയിൽനിന്ന് ഇ-വാഹനങ്ങൾ ചാർജ് ചെയ്യാം. മയ്യിൽ ടൗൺ പരിസരത്ത് നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷനാവും.
വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറിന്റെ ഇ-വാഹന നയത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ചാർജിംഗ് സ്‌റ്റേഷൻ സ്ഥാപിക്കാനുള്ള നോഡൽ ഏജൻസി കെഎസ്ഇബിയാണ്. എല്ലാ ജില്ലകളിലുമായി 62 ഫാസ്റ്റ് ചാർജിംഗ് സ്‌റ്റേഷനുകളും 1165 പോൾ മൗണ്ടഡ് ചാർജിംഗ് സെൻററുകളുമാണ് കെഎസ്ഇബി സ്ഥാപിക്കുന്നത്. റീചാർജിംഗിനെക്കുറിച്ച് ആശങ്കയില്ലാതെ കേരളത്തിലുടനീളം വൈദ്യുതി വാഹനങ്ങളിൽ സുഗമമായി യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് കെഎസ്ഇബി ചാർജിംഗ് സ്‌റ്റേഷൻ ശൃംഖല രൂപകൽപന ചെയ്തിരിക്കുന്നത്. കുറഞ്ഞ ചെലവിൽ പോൾ മൗണ്ടഡ് സെൻറുകളിൽനിന്ന് ചാർജ് ചെയ്യാനാവും. 2020ൽ കെഎസ്ഇബി സംസ്ഥാനത്ത് പൂർത്തിയാക്കിയ നാല് ചക്ര വാഹനങ്ങൾക്കുള്ള ആറ് ചാർജിംഗ് സ്‌റ്റേഷനുകളിൽ ഒന്ന് കണ്ണൂരിൽ ചൊവ്വ സബ്‌സ്‌റ്റേഷൻ പരിസരത്തായിരുന്നു.
ഇ-ടെണ്ടർ പ്രകാരം തെരഞ്ഞെടുത്ത ജെനസിസ് എഞ്ചിനിയേഴ്‌സ് ആൻഡ് കോൺട്രാക്‌റ്റേഴ്‌സ് എന്ന സ്ഥാപനമാണ് പോൾ മൗണ്ടഡ് ചാർജിംഗ് സെന്ററുകളുടെ നിർമ്മാണം നിർവ്വഹിച്ചത്. എല്ലാ ഇലക്ട്രിക് ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും ചാർജ്ജ് ചെയ്യാൻ ഈ സ്റ്റേഷനുകൾ ഉപയോഗിക്കാൻ സാധിക്കും. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലുമായി സ്ഥാപിച്ചതിനാൽ ഇ-വാഹന യാത്രികർക്ക് സൗകര്യപ്രദമായ ചാർജിംഗിന് ഇവ പര്യാപ്തമാണ്. നിർമ്മാണച്ചിലവ് 30 ലക്ഷം രൂപയാണ്. ചാർജിംഗിനുളള മൊബൈൽ ആപ്ലിക്കേഷൻ ചാർജ് മോഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് നിർമ്മിച്ചത്.
നാല് ചക്ര വാഹനങ്ങൾക്കുള്ള ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളിൽ 10 കിലോ വാട്ട് മുതൽ 60 കിലോ വാട്ട് വരെ ശേഷിയുളള യൂനിറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ ഇപ്പോൾ നിലവിലുളള ഇന്ത്യൻ, യൂറോപ്യൻ, ജാപ്പനീസ് സ്റ്റാൻഡേർഡ്‌സ് എല്ലാം ഉൾപ്പെടുന്നതിനാൽ ഇന്ത്യയിൽ ഇപ്പോൾ വിപണിയിലുളളതും സമീപഭാവിയിൽ പ്രതീക്ഷിക്കാവുന്നതുമായ എല്ലാവിധ കാറുകളും ചാർജ് ചെയ്യാൻ ഈ സ്റ്റേഷനുകൾ പര്യാപ്തമാണ്. സ്റ്റേഷനുകൾ പ്രവർത്തിക്കുന്നതിന് ഓപ്പറേറ്ററുടെ ആവശ്യമില്ല. ചാർജിംഗിന്റെ പണമടയ്ക്കുന്നതും വാഹനം ഓടിക്കുന്ന ആൾക്ക് അടുത്തുളള സ്റ്റേഷന്റെ ലൊക്കേഷൻ, അവിടെ ലഭ്യമായ ചാർജ്ജുകളുടെ ഘടന, ലഭ്യത എന്നിവ അറിയാൻ സാധിക്കുന്നതുമെല്ലാം മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ്. ഇ-ടെണ്ടർ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട
അഹമ്മദാബാദ് ആസ്ഥാനമായ ടൈറെക്‌സ് ട്രാൻസ്മിഷൻ എന്ന സ്ഥാപനമാണ് ഈ രണ്ട് ചാർജ്ജിംഗ് സ്റ്റേഷനുകളും നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണച്ചിലവ് 59.4 ലക്ഷം രൂപയാണ്. ഇത്തരം സ്റ്റേഷനുകളിലെല്ലാം സൗകര്യപ്രദമായ ചാർജിംഗിനായി റിഫ്രഷ്‌മെന്റ് സ്റ്റാൾ സ്ഥാപിക്കുവാനും സോളാർ റൂഫിംഗ് ചെയ്യാനും തീരുമാനമായിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: