സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇതിനായി തീരപ്രദേശങ്ങള്‍, ചേരികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആന്റിജന്‍ പരിശോധനാ ബൂത്തുകള്‍ സ്ഥാപിക്കും. ആളുകള്‍ കൂടുതലായി എത്തുന്ന റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് അടക്കമുള്ള ഇടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തരത്തിലാണ് പരിശോധന സൗകര്യം ക്രമീകരിക്കുക. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തിലാണ് പരിശോധന വര്‍ധിപ്പിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഐ.സി.എം.ആര്‍ മാര്‍ഗനിര്‍ദേശങ്ങളുടെ ചുവടുപിടിച്ചാണ് ആരോഗ്യവകുപ്പും പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. ഇതനുസരിച്ച് ആന്റിജന്‍ പരിശോധന വലിയ തോതില്‍ വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശം. ആളുകള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങള്‍, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആന്റിജന്‍ പരിശോധന ബൂത്തുകള്‍ സ്ഥാപിക്കാനാണ് ആരോഗ്യവകുപ്പിന്റെ പുതിയ നിര്‍ദേശത്തില്‍ പറയുന്നത്. നഗരങ്ങളിലെ ചേരിപ്രദേശങ്ങള്‍, തീരപ്രദേശങ്ങള്‍, ഗ്രാമീണ മേഖലകള്‍ ഒപ്പം ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന ബൂത്തുകള്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. ഒരു തവണ കോവിഡ് പോസിറ്റീവായ ആളുകളില്‍ പിന്നീട് ആര്‍.ടി.പി.സി.ആര്‍ പരിശോധന ആവര്‍ത്തിക്കേണ്ടതില്ലെന്നാണ് മറ്റൊരു നിര്‍ദേശം. ഇവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയാല്‍ മതിയാകും. ആശുപത്രി ഡിസ്ചാര്‍ജിന് പരിശോധന വേണ്ടെന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Published on 13 May 2021 4:30 pm IST.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: