മെയ് 15 ന് കണ്ണൂർ ജില്ലയില്‍ റെഡ് അലേര്‍ട്ട്

കണ്ണൂർ :അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി മെയ് 15 ന് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്. എല്ലാ വിധ തയ്യാറെടുപ്പുകളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി അതീവ ജാഗ്രത പാലിക്കാന്‍ പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.
ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിരിക്കുന്ന മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

ന്യൂനമര്‍ദ്ദം: വിവിധ വകുപ്പുകള്‍ക്ക്  ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം

തെക്കുകിഴക്കന്‍ അറബിക്കടലില്‍ മെയ് 14 ലോട് കൂടി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കാമെന്നും  കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.  ശക്തമായ കാറ്റിനും കടലാക്രമണത്തിനും  സാധ്യതയുള്ളതിനാല്‍ അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് വിവിധ വകുപ്പുകള്‍ക്ക് ദുരന്തനിവാരണ അതോറിറ്റിനിര്‍ദ്ദേശം നല്‍കി.

അതിശക്തമായ മഴയും കാറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കൊവിഡ് ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളില്‍ വൈദ്യുതി, കുടിവെള്ളം എന്നിവ തടസ്സമില്ലാതെ ലഭ്യമാക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍  ആരോഗ്യവകുപ്പ്, വൈദ്യുത വകുപ്പ്, വാട്ടര്‍ അതോറിറ്റി എന്നിവയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വൈദ്യുത  തകരാറുകള്‍ വരുന്ന മുറയ്ക്ക് ഉടന്‍ പരിഹാരം കണ്ടെത്താനുള്ള തയ്യാറെടുപ്പുകള്‍, ആവശ്യമായ ടാസ്‌ക് ഫോഴ്‌സുകള്‍ തുടങ്ങിയവ വൈദ്യുത വകുപ്പ് മുന്‍കൂട്ടി സജ്ജമാക്കണം. ജില്ലയിലെ ആശുപത്രികളില്‍ വൈദ്യുതി മുടങ്ങുന്നില്ലെന്ന് വൈദ്യുത വകുപ്പ്, ആരോഗ്യ വകുപ്പ് ജില്ലാ മേധാവികള്‍ എന്നിവര്‍ ചേര്‍ന്ന് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

കടലാക്രമണ സാധ്യതയുള്ള തീരപ്രദേശങ്ങള്‍, ഉരുള്‍പൊട്ടല്‍ / മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്തസാധ്യത മേഖലകള്‍ എന്നിവിടങ്ങളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കണം.
ക്യാമ്പുകള്‍ തയ്യാറാക്കി ആവശ്യമായ ഘട്ടങ്ങളില്‍ ആളുകളെ മുന്‍കൂട്ടി തന്നെ മാറ്റി താമസിക്കേണ്ട താണെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും  നിര്‍ദ്ദേശം നല്‍കി.

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിദഗ്ധസമിതി എന്നിവര്‍ ഉരുള്‍പൊട്ടല്‍  സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ അടിയന്തരമായി ക്യാമ്പുകള്‍ സജ്ജമാക്കി ജനങ്ങള്‍ക്ക് അനൗണ്‍സ്‌മെന്റിലൂടെ വിവരങ്ങള്‍ നല്‍കുകയും മുന്‍കരുതലിന്റെ ഭാഗമായി ജനങ്ങളെ മാറ്റി താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടായിരിക്കണം ക്യാമ്പുകള്‍ സജ്ജമാക്കേണ്ടത്.

മഴ ശക്തിപ്പെട്ടു തുടങ്ങുന്നതോടെ  മലയോരമേഖലകളിലേക്കുള്ള ഗതാഗതം വൈകിട്ട് ഏഴ് മണി മുതല്‍ രാവിലെ ഏഴ് വരെ നിയന്ത്രിക്കേണ്ടതാണ്. ജില്ലാ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും  പ്രവര്‍ത്തിക്കണം. ജില്ലാതല താലൂക്ക് കണ്‍ട്രോള്‍ റൂമുകളില്‍ റവന്യൂ, പൊലീസ്,  ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ഇറിഗേഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, ആരോഗ്യം, കെഎസ്ഇബി,  വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കേണ്ടതാണ്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനയും സിവില്‍ ഡിഫന്‍സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിരിക്കണം. വാഹനങ്ങളുടെ സുഗമമായ നീക്കത്തിന് തടസ്സമായി റോഡരികില്‍ നില്‍ക്കുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ചു മാറ്റേണ്ടതാണ്. നദികളിലെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ യഥാസമയം അറിയിക്കേണ്ടതാണെന്നും നിര്‍ദ്ദേശമുണ്ട്.

ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട് കടലില്‍ മെയ് 13 നോട് കൂടി തന്നെ മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും  സാധ്യതയുള്ളതിനാല്‍  കേരള തീരത്ത് നിന്നും കടലില്‍ പോകുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.   ഫിഷറീസ് വകുപ്പിനും കോസ്റ്റല്‍ പൊലീസിനും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യബന്ധന ഗ്രാമങ്ങളിലും മത്സ്യബന്ധന തുറമുഖങ്ങളിലും മുന്നറിയിപ്പുകള്‍ ഉച്ചഭാഷിണിയിലൂടെ  അറിയിക്കേണ്ടതാണ്. നിലവില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഉടന്‍  അടുത്തുള്ള തീരത്ത് എത്തിച്ചേരാനുള്ള വിവരം കൈമാറേണ്ടതാണെന്നും  ആരും കടലില്‍ പോകുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. .

വൈദ്യുത ലൈനുകളുടെയും ട്രാന്‍സ്‌ഫോര്‍മറുകളുടെയും അപകടസാധ്യതകള്‍ പരിശോധിച്ച് മുന്‍കൂട്ടി അപകടസാധ്യത ഒഴിവാക്കാന്‍ നടപടികള്‍ ആവശ്യമുള്ളിടത്ത് പൂര്‍ത്തിയാക്കേണ്ടതാണ്. താഴ്ന്ന പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന വൈദ്യുതപവര്‍ ഹൗസുകളിലും മറ്റുപ്രധാന സ്ഥാപനങ്ങളിലും വെള്ളം കയറാനുള്ള സാധ്യത മുന്നില്‍ കണ്ട് മുന്‍കരുതല്‍ നടപടി സ്വീകരിക്കണം. താലൂക്കുകളില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിക്കേണ്ടതും അടിയന്തരഘട്ടങ്ങളില്‍ ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: